ഖത്തർ: COVID-19 വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 6 മാസം പൂർത്തിയാക്കിയവർക്ക് ബൂസ്റ്റർ ഡോസിന് അർഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് ആറ് മാസം പൂർത്തിയാക്കിയ മുഴുവൻ പേർക്കും ബൂസ്റ്റർ ഡോസ് കുത്തിവെപ്പിന് അർഹതയുണ്ടെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നേരത്തെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയിരുന്നത്. എന്നാൽ COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവരിൽ രണ്ടാം ഡോസ് എടുത്ത് ആറ് മാസം കഴിയുന്നതോടെ രോഗപ്രതിരോധ ശേഷി കുറയുന്നതായി പഠനങ്ങൾ ചൂണ്ടികാട്ടുന്നതിനാലാണ് ബൂസ്റ്റർ ഡോസ് നൽകുന്നതിന്റെ കാലാവധി പുതുക്കി നിശ്ചയിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇക്കാരണത്താൽ രണ്ടാം ഡോസ് കുത്തിവെപ്പും, ബൂസ്റ്റർ ഡോസ് കുത്തിവെപ്പും തമ്മിലുള്ള ഇടവേള 6 മാസമാക്കി കുറച്ചതായി മന്ത്രലായം കൂട്ടിച്ചേർത്തു. ഈ തീരുമാന പ്രകാരം ബൂസ്റ്റർ ഡോസിന് അർഹതയുള്ള മുഴുവൻ പേരും കാലതാമസം കൂടാതെ ഈ കുത്തിവെപ്പ് സ്വീകരിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്. വിദേശയാത്രകൾക്കൊരുങ്ങുന്നവർ യാത്രപുറപ്പെടുന്നതിന് മുൻപ് ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് പൂർത്തിയാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രൈമറി ഹെൽത്ത് കെയർ കോർപറേഷന് (PHCC) കീഴിലുള്ള ഹെൽത്ത് സെന്ററുകളിൽ നിന്ന് ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണ്. ബൂസ്റ്റർ വാക്സിന് അർഹതയുള്ളവരെ PHCC-യിൽ നിന്ന് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. ഏതെങ്കിലും കാരണവശാൽ PHCC-യിൽ നിന്ന് ബന്ധപ്പെടാത്തവർക്ക് 40277077 എന്ന ഹോട്ട് ലൈൻ നമ്പർ ഉപയോഗിച്ച് കൊണ്ട് ബൂസ്റ്റർ വാക്സിൻ ലഭിക്കുന്നതിനുള്ള ബുക്കിംഗ് പൂർത്തിയാക്കാവുന്നതാണ്.