2019-ലെ കണക്കുകൾ പ്രകാരം പ്രവാസികൾ തങ്ങളുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ തോതിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒമാനിൽ നിന്ന് ആകെ 3.5 ബില്യൺ റിയാലാണ് പ്രവാസികൾ വിവിധ രാജ്യങ്ങളിലേക്കായി അയച്ചതെന്നും CBO അറിയിച്ചു.
മുൻവർഷങ്ങളെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ കുറവാണ് ഇതെന്നും CBO കൂട്ടിച്ചേർത്തു. 2019-ലെ വാർഷിക കണക്കുകൾ പ്രകാരം, പ്രവാസികൾ തങ്ങളുടെ നാടുകളിലേക്കയക്കുന്ന പണത്തിന്റെ തോതിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന തുകയാണിതെന്നും CBO വ്യക്തമാക്കി.
ഒമാനിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികൾ മൂലം പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വന്നിട്ടുള്ള കുറവും, ഏതാനം വാണിജ്യ മേഖലകളിലെ പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന മാന്ദ്യവും ഇതിന് കരണമായിട്ടുണ്ടെന്ന് CBO പുറത്ത് വിട്ട വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വദേശിവത്കരണം ത്വരിതപ്പെടുത്തുന്നത് മൂലവും, നിലവിലെ കൊറോണ വൈറസ് വ്യാപന സാഹചര്യങ്ങൾ മൂലവും 2020-ൽ പ്രവാസികളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ട്. ഒമാനിലെ വാണിജ്യ, സാമ്പത്തിക മേഖലകളിൽ COVID-19 മൂലം പ്രതിസന്ധി ഉടലെടുത്തിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിനിടയിൽ പ്രവാസികളും, അവരുടെ ആശ്രിതരും ഉൾപ്പടെ ഏതാണ്ട് 4 ലക്ഷത്തോളം പേർ ഒമാനിൽ നിന്ന് മടങ്ങാൻ ഇടയായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധി 2020-ൽ കൂടുതൽ രൂക്ഷമാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ, എണ്ണവിലയിലെ വലിയ കുറവ് എന്നിവ വാണിജ്യ രംഗത്ത് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചതായി CBO ചൂണ്ടിക്കാട്ടുന്നു. പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ആരോഗ്യ സുരക്ഷ മുൻനിർത്തിയുള്ള സമൂഹ അകലം പോലുള്ള പ്രതിരോധ നിർദ്ദേശങ്ങളും, പകർച്ചവ്യാധി ഉളവാക്കുന്ന ഭീതിയും സാമ്പത്തിക മേഖലയിൽ പ്രഭാവം ചെലുത്തുന്നതായി CBO വ്യക്തമാക്കി. ഈ കാരണങ്ങളാൽ പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന്റെ 2020-ലെ കണക്കുകൾ എക്കാലത്തെയും താഴ്ച്ചയിൽ എത്തുമെന്നും CBO വ്യക്തമാക്കുന്നു.