ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 17 മുതൽ ആരംഭിക്കുന്നു

UAE

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2020 ഡിസംബർ 17 മുതൽ ആരംഭിക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) ഡിസംബർ 7-ന് അറിയിച്ചു. ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന DSF എന്ന ആഘോഷവേള, മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും സമ്മാനിക്കുന്നു.

2020 ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ 45 ദിവസങ്ങളിലായാണ് ഈ വർഷത്തെ DSF സംഘടിപ്പിക്കുന്നത്. ഏതാണ്ട് 3500-ഓളം ചില്ലറ വില്പനശാലകളും, വ്യാപാര കേന്ദ്രങ്ങളും ഈ മേളയുടെ ഭാഗമാകും. 25 ശതമാനം മുതൽ 75 ശതമാനം വരെ വിലകുറവും, മറ്റു ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ഈ വർഷത്തെ DSF സന്ദർശകർക്ക് എക്കാലവും മറക്കാനാകാത്ത അനുഭവങ്ങൾ നൽകുമെന്ന് സംഘാടകരായ DFRE അറിയിച്ചു. പുത്തൻ ആകർഷണങ്ങളും, വിനോദ പരിപാടികളും ഉൾപ്പെടുത്തി ഈ വർഷത്തെ DSF നവീകരിച്ചിട്ടുണ്ടെന്നും DFRE കൂട്ടിച്ചേർത്തു.

ലോകത്തെ ഏറ്റവും വലിയ വിപണന മേളയായ DSF-ന്റെ ഇരുപത്താറാമത് എഡിഷൻ ദുബായ് മുന്നോട്ട് വെക്കുന്ന എല്ലാ മൂല്യങ്ങളുടെയും ആഘോഷമായിരിക്കുമെന്ന് DFRE CEO അഹ്‌മദ്‌ അൽ ഖാജ അറിയിച്ചു. കുടുംബങ്ങൾക്ക് പകരം വെക്കാനില്ലാത്ത ഉല്ലാസത്തിന്റെയും, ഷോപ്പിംഗിന്റെയും അനുഭവം കൃത്യമായ COVID-19 സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഈ വർഷത്തെ DSF നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിൽ പങ്കെടുക്കുന്ന മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായവയിൽ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള മുഴുവൻ പ്രതിരോധ നടപടികളും നടപ്പിലാക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.