രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. 2022 ഓഗസ്റ്റ് 14, ഞായറാഴ്ച ഒമാനിലെ വിവിധ മേഖലകളിൽ പൊടിയോട് കൂടിയ ശക്തമായ കാറ്റ് അനുഭവപ്പെടാമെന്നും, ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മസ്കറ്റ്, അൽ ദാഖിലിയ, അൽ വുസ്ത, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ, അൽ ദഹിറാഹ്, സൗത്ത് അൽ ബതീന മുതലായ ഗവർണറേറ്റുകളിലാണ് പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ളതായി അറിയിച്ചിരിക്കുന്നത്. പൊടിമൂലം റോഡിലെ കാഴ്ച മറയുന്നതിന് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
അതേസമയം, ഹൈമ-തുമ്രിത് എന്നിവയ്ക്കിടയിലെ റോഡുകൾക്കിടയിൽ പകൽസമയങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഈ സാഹചര്യം രണ്ട് ദിവസം തുടരുമെന്നും റോയൽ ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ജാഗ്രത പുലർത്താൻ പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.