ഒമാൻ: മാർച്ച് 1 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഫെബ്രുവരി 28, ബുധനാഴ്ച മുതൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഫെബ്രുവരി 27-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഒമാനിലെ വിവിധ പ്രദേശങ്ങളിൽ 2024 ഫെബ്രുവരി 28, ബുധനാഴ്ച മുതൽ 2024 മാർച്ച് 1, വെള്ളിയാഴ്ച വരെ ഒരു ന്യൂനമർദ്ദത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇത് ഒറ്റപ്പെട്ടതും എന്നാൽ ശക്തമായതുമായ മഴ പെയ്യുന്നതിന് കരണമാകാമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, മസ്കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലാണ് ഈ കാലയളവിൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. ഇതേ കാലയളവിൽ ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും 15 മുതൽ 35 നോട്ട് വരെ വേഗതയിലുള്ള വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടി ഉയരാനിടയാക്കുമെന്നും, റോഡിലെ കാഴ്ച മറയുന്നതിന് കരണമാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മുസന്ദം ഗവർണറേറ്റിന്റെ പടിഞ്ഞാറൻ തീരമേഖലകൾ, ഒമാൻ കടലിന്റെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനിടയുണ്ട്. ഈ പ്രദേശങ്ങളിൽ അന്തരീക്ഷ താപനില താഴുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.