ഒമാൻ: ശക്തമായ കാറ്റിന് സാധ്യത

GCC News

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഏപ്രിൽ 9 മുതൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ഏപ്രിൽ 8-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

ഈ കാറ്റ് 2025 ഏപ്രിൽ 9 മുതൽ ഏപ്രിൽ 10-ന് വൈകീട്ട് വരെ തുടരുമെന്നും ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒമാനിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും ഈ കാലയളവിൽ വടക്ക്പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതാണ്.

ഒമാനിലെ മരുഭൂമേഖലകളിലും തുറസ്സായ പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുണ്ട്. ഈ കാലയളവിൽ മുസന്ദം ഗവർണറേറ്റിന്റെ തീരപ്രദേശങ്ങളിൽ രണ്ടര മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.