കൊറോണാ വൈറസ് പ്രതിരോധത്തിനായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ; നന്ദി അറിയിച്ച് യു എ ഇ

GCC News

യു എ ഇയിലെ കൊറോണാ വൈറസ് പ്രതിരോധിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ലഭിച്ചതായി ഏപ്രിൽ 18, ശനിയാഴ്ച്ച രാത്രി ഇന്ത്യയിലെ യു എ ഇ എംബസ്സി അറിയിച്ചു. മലേറിയയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ, നിലവിൽ കൊറോണാ വൈറസ് ചികിത്സയ്ക്കും ഉപയോഗിക്കാം എന്ന രീതിയിൽ പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യയാണ് ഈ മരുന്ന് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത്.

ഇന്ത്യയിൽ നിന്ന് യു എ യിലേക്ക് ആവശ്യമായ ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യുന്നതിനുള്ള അനുമതി ഇന്ത്യൻ ഗവർമെന്റിന്റെ ഭാഗത്തു നിന്ന് ലഭിച്ചതായാണ് ഡൽഹിയിലെ യു എ ഇ എംബസ്സി ട്വിറ്ററിലൂടെ അറിയിച്ചത്.

ആദ്യ ഘട്ടത്തിൽ, 5.5 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇതിന്റെ ഭാഗമായി യു എ യിലേക്ക് കയറ്റി അയച്ചതായും എംബസ്സി അറിയിച്ചു. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കി അനുമതി നൽകിയ ഇന്ത്യൻ സർക്കാരിനെ യു എ ഇ എംബസ്സി നന്ദി അറിയിച്ചിട്ടുണ്ട്.

COVID-19 പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകണമെന്ന് യു എ ഇ ഇന്ത്യയോട് നേരത്തെ അഭ്യർത്ഥിച്ചിരുന്നു.