ഖത്തർ: വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത

GCC News

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 2-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം 2025 ജനുവരി 2 മുതൽ ജനുവരി 4 വരെ ഖത്തറിൽ ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഈ കാലയളവിൽ ഖത്തറിലെ താപനില പകൽ സമയങ്ങളിൽ 21 ഡിഗ്രി സെൽഷ്യസും, രാത്രികാലങ്ങളിൽ 14 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കും. ജനുവരി 2 മുതൽ 4 വരെ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുന്നതാണ്.

ജനുവരി 3-ന് വടക്കുപടിഞ്ഞാറൻ ദിശയിൽ 8 മുതൽ 18 നോട്ട് വരെ വേഗതയിൽ (ചില സമയങ്ങളിൽ 25 നോട്ട് വരെ വേഗതയിൽ) കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും കടലിൽ എട്ട് മുതൽ പത്ത് അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 4-ന് 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്നും, ഇത് ചില സമയങ്ങളിൽ ഇരുപത്തിമൂന്ന് നോട്ട് വരെ ആകാനിടയുണ്ടെന്നും കടലിൽ എട്ട് മുതൽ പത്ത് അടിവരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു. ജനുവരി 3-ന് ചെറുതായുള്ള മഴയ്ക്കും സാധ്യതയുണ്ട്.