ഉംറ തീർത്ഥാടനത്തിന്റെ ഭാഗമായി മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ തങ്ങളോടൊപ്പമുള്ള കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.
കുട്ടികളുമായി തീർത്ഥാടനത്തിനെത്തുന്ന രക്ഷിതാക്കൾ കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്:
- ഉംറ തീർത്ഥാടനത്തിനായെത്തുന്ന കുട്ടികളുടെ കൈത്തണ്ടയിൽ ഐഡന്റിഫിക്കേഷൻ ബ്രേസ്‌ലെറ്റ് ധരിപ്പിക്കേണ്ടതാണ്. കുട്ടികളെ തിരിച്ചറിയേണ്ടി വരുന്ന സന്ദർഭങ്ങളിൽ ഇത് ഏറെ സഹായകരമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
- കുട്ടികളുമായെത്തുന്നവർ തിരക്കേറിയ ഇടങ്ങൾ, തിരക്കേറിയ സമയങ്ങൾ എന്നിവ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
- കുട്ടികളുടെ ശുചിത്വം, ആരോഗ്യപരിപാലനം എന്നിവ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
- കുട്ടികൾ ശരിയായ രീതിയിലുള്ള ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തീർത്ഥാടനകാലയളവിലുടനീളം ആരോഗ്യപരവും, ഉചിതമായതുമായ ഭക്ഷണരീതികൾ പാലിക്കുന്നത് സുഖകരമായ തീർത്ഥാടനം ഉറപ്പ് വരുത്തുന്നതിന് ഏറെ പ്രധാനമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.