എമിറേറ്റിലെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധി സംബന്ധിച്ച് വ്യക്തത നൽകുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2024 ജനുവരി 29-നാണ് അബുദാബി പോലീസ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ് ഇക്കാര്യം അറിയിച്ചത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഏറ്റവും കുറഞ്ഞ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്റർ എന്നാക്കി നിശ്ചയിച്ചിട്ടുള്ളത്, റോഡിൽ ഇരുവശത്തേക്കും, ഏറ്റവും ഇടത്ത് വശത്തെ രണ്ട് വരികളിൽ മാത്രമാണ് ബാധകമാക്കിയിരിക്കുന്നതെന്ന് പോലീസ് ഈ അറിയിപ്പിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ റോഡിൽ ഇരുവശത്തേക്കും ഫാസ്റ്റ് ലേനുകൾ മാത്രമാണ് ഈ കുറഞ്ഞ വേഗപരിധി ബാധകമാകുന്നതെന്നും, ഈ വരികളിൽ നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ വേഗപരിധിയിലും താഴെ വേഗതയിൽ വാഹനമോടിക്കുന്നവർക്കാണ് പിഴ ചുമത്തുന്നതെന്നും പോലീസ് വ്യക്തമാക്കി. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ ഫാസ്റ്റ് ലേനുകളിൽ നിശ്ചയിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ വേഗപരിധിയിലും താഴെ വാഹനമോടിക്കുന്നവർക്ക് 400 ദിർഹം പിഴയായി ചുമത്തുന്നതാണ്.
ഈ റോഡിൽ ഇരുവശത്തേക്കും ഏറ്റവും വലത് വശത്തുള്ള വരി വലിയ വാഹനങ്ങൾക്കുള്ളതാണെന്നും ഇതിൽ കുറഞ്ഞ വേഗപരിധി ഏർപ്പെടുത്തിയിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഈ റോഡിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 140 കിലോമീറ്റർ (നാല് വരികളിലും; ചരക്ക് വാഹനങ്ങൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 80 കിലോമീറ്റർ) എന്ന രീതിയിൽ തുടരുന്നതാണ്.
2023 മെയ് 1 മുതൽ ഈ നിയമലംഘനത്തിന് പിഴ ചുമത്തുന്നുണ്ട്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, വലിയ ചരക്ക് വാഹനങ്ങൾ, കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ എന്നിവ റോഡിലെ വലത് വശത്തുള്ള വരി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ തീരുമാനം.
Cover Image: Abu Dhabi Police.