അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന ദേശീയ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള റെയിൽവേ ട്രാക്കിന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇത്തിഹാദ് റെയിൽ ചെയർമാൻ H.H. ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ ഈ റെയിൽ പാതയുടെ അവസാന ഭാഗം തമ്മിൽ ബന്ധിപ്പിക്കുന്ന ചടങ്ങിന് 2022 മാർച്ച് 1-ന് സാക്ഷ്യം വഹിച്ചു.
യു എ ഇ നാഷണൽ റെയിൽ നെറ്റ്വർക്ക് പദ്ധതിയുടെ കീഴിൽ വരുന്ന ഈ പ്രവർത്തനം രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നാണ്.
അബുദാബിയെയും ദുബായിയെയും നേരിട്ട് ബന്ധിപ്പിക്കുന്ന റെയിൽവേ ട്രാക്കിന്റെ അവസാന ഭാഗം ഇരുവരും ചേർന്ന് സ്ഥാപിച്ചു. ഇരു എമിറേറ്റുകളും തമ്മിലുള്ള വാണിജ്യ, ചരക്ക്നീക്ക ബന്ധങ്ങളിൽ ഒരു പുത്തൻ അധ്യായം കുറിക്കുന്നതിന് ഈ പദ്ധതി കാരണമാകുന്നതാണ്.

യു എ ഇയിലെ വിവിധ എമിറേറ്റുകളെയും രാജ്യത്തെ പ്രധാന നഗരങ്ങളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതികളുടെ ദേശീയ ശൃംഖല യാഥാർഥ്യമാകുന്നതിലേക്കുള്ള ആദ്യ ചുവട് വെപ്പാണ് അബുദാബി ദുബായ് റെയിൽവേ ലൈൻ.

ഏഴ് എമിറേറ്റുകളെയും ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന യു എ ഇ റെയിൽവേ പ്രോഗ്രാമിന്റെ നിക്ഷേപം 50 ബില്യൺ ദിർഹമാണ്. യു എ ഇയുടെ വികസനം ത്വരിതപ്പെടുത്താനും,രാജ്യത്തെ എല്ലാ മേഖലകളിലും സമഗ്രമായ കേന്ദ്രമാക്കി മാറ്റാനും, പ്രതിഭകൾക്കുള്ള അനുയോജ്യമായ സ്ഥലമെന്ന പദവി സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള വികസനപരവും സാമ്പത്തികവുമായ പദ്ധതികളുടെ ഒരു പരമ്പരയായ ’50 പദ്ധതികളുടെ’ കീഴിലാണ് യു എ ഇ റെയിൽവേ പ്രോഗ്രാം ഉൾപ്പെടുന്നത്.

അടുത്ത അമ്പത് വർഷത്തേക്കുള്ള യാത്ര വലിയ വികസനപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടായിരിക്കണമെന്ന യു എ ഇയുടെ അഭിലാഷത്തിന്റെ പ്രതിഫലനമാണ് യു എ ഇ റയിൽവേ പ്രോഗ്രാം എന്ന് മക്തൂം ബിൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. മേഖലയിലെയും, ആഗോള തലത്തിലെയും വാണിജ്യ, വ്യവസായ, ചരക്ക് നീക്ക രംഗങ്ങളുടെ നേതൃത്വ നിരയിലേക് രാജ്യത്തെ എത്തിക്കുന്നതിന് ഈ പദ്ധതി സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

യു എ ഇയിലെ എമിറേറ്റുകൾ തമ്മിലുള്ള കെട്ടുറപ്പ് ശക്തമാക്കുന്നതിന് ഈ പദ്ധതി കാരണമാകുമെന്നും അദ്ദേഹം അറിയിച്ചു. യു എ ഇ നാഷണൽ റെയിൽ ശൃംഖലയുടെ ഭാഗമായുള്ള അബുദാബി, ദുബായ്, ഷാർജ എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പ്രധാന റയിൽവേയുടെ നിർമ്മാണം പൂർത്തിയാകുന്നതിന്റെ പ്രാധാന്യം ഷെയ്ഖ് തെയ്യബ് ബിൻ മുഹമ്മദ് ബിൻ സായിദ് പ്രത്യേകം ചൂണ്ടിക്കാട്ടി.

256 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽവേ ലൈനിൽ 29 പാലങ്ങൾ, അറുപത് ക്രോസിംഗുകൾ, 137 ഡ്രൈനേജ് ചാലുകൾ എന്നിവ ഉൾപ്പെടുന്നു. 47 മില്യൺ പ്രവർത്തി മണിക്കൂറുകൾ എടുത്ത് കൊണ്ട് 13300 തൊഴിലാളികളുടെ പ്രയത്നത്തിന്റെ ഫലമാണ് ഈ റയിൽവേ ലൈൻ.