COVID-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാർച്ച് 31 വരെ രാജ്യത്തൊട്ടാകെ ട്രെയിൻ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. യാത്രാ തീവണ്ടികളുടെ വിഭാഗത്തിൽ പെടുന്ന എല്ലാ പ്രീമിയം, മെയിൽ, എക്സ്പ്രസ്സ്, പാസഞ്ചർ, സബർബൻ, കൊൽക്കത്ത മെട്രോ, കൊങ്കൺ റെയിൽവേ സർവീസുകളും നിർത്തിവെക്കാനാണ് തീരുമാനം. തീവണ്ടി ഗതാഗത സംവിധാനങ്ങളിലൂടെ രാജ്യത്ത് കൊറോണാ വൈറസ് ബാധ പടരുന്നത് ഒഴിവാക്കുന്നതിനായാണ് ഈ തീരുമാനം.
ഇപ്പോഴുള്ള ട്രെയിൻ ഗതാഗതം ഇന്ന് വൈകീട്ട് 10 മണിയോടെ അവസാനിക്കുന്നത് മുതൽ മാർച്ച് 31 പാതിരാത്രി വരെയാണ് സർവീസുകൾ നിർത്തലാക്കുന്നത്. മാർച്ച് 22-നു രാവിലെ 4 മണിയുടെ മുന്നേ ആരംഭിച്ച എല്ലാ ട്രെയിൻ സർവീസുകളും അവയുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്ന മുറയ്ക്ക് യാത്രകൾ അവസാനിപ്പിക്കും.
നിലവിൽ ചരക്ക് തീവണ്ടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ല.