Covid-19 ആശങ്കകൾ നിലനിൽക്കുന്നതിനാൽ മാർച്ച് 19 രാത്രി 11.59 മുതൽ ന്യൂസിലാൻഡ് പൗരമാർക്കും, നിവാസികൾക്കും ഒഴികെ മറ്റെല്ലാവർക്കും അതിർത്തികൾ താത്കാലികമായി അടച്ചിടുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ പ്രഖ്യാപിച്ചു. ന്യൂസിലാൻഡ് പൗരന്മാർക്കും സ്ഥിര താമസക്കാർക്കും അവരുടെ കുട്ടികളും പങ്കാളികളും ഉൾപ്പടെ രാജ്യത്തേക്ക് മടങ്ങിവരാനാകും. മറ്റു സന്ദർശകർക്ക് ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ രാജ്യത്തേക്ക് പ്രവേശനമുണ്ടായിരിക്കില്ല.
കൊറോണാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ന്യൂസീലൻഡിൽ നിന്നുള്ള പുതിയ വിവരങ്ങൾ:
- ന്യൂസിലാൻഡിൽ കൊറോണ ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്ന് മാത്രം എട്ടു കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അകെ കേസുകളുടെ എണ്ണം ഇരുപത്തെട്ടായി. വിദേശയാത്ര നടത്തിയവരിൽ തന്നെയാണ് ഇന്നത്തെ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
- ഇന്ന് സ്ഥിരീകരിച്ച പുതിയ കേസുകളിൽ ഒരെണ്ണം റോട്ടോറുവ മേഖലയിലും, രണ്ടെണ്ണം ഓക്‌ലാൻഡ് മേഖലയിലും, ഒരെണ്ണം നോർത്ത്ലാൻഡ് മേഖലയിലും, രണ്ടെണ്ണം സൗത്ത്ലാൻഡ് മേഖലയിലും, രണ്ടെണ്ണം താരാനകി മേഖലയിലുമാണ്.
- നൂറിലധികം ആളുകൾ ചേരുന്ന ഇൻഡോർ ഇവന്റുകൾ റദ്ദാക്കി.
- പരിഭ്രാന്തി മൂലം സാധനങ്ങൾ കൂടുതലായി വാങ്ങികൂട്ടുന്നത് നിർത്തലാക്കുവാൻ ചില സൂപ്പർമാർക്കറ്റുകൾ പരിധികൾ ഏർപ്പെടുത്തി.
- Dunedin-ലെ ഒരു സ്കൂളിലെ 150 വിദ്യാർത്ഥികൾകളുടെ രക്ത പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആണെന്ന് കണ്ടെത്തി.
- കൊറോണ വൈറസ് പൊതുജനങ്ങൾക്കിടയിൽ വ്യാപനം ഇല്ലാത്തതിനാൽ നിലവിൽ സ്കൂളുകൾ അടയ്ക്കുന്നില്ല.
- നൂറിലധികം പേർ ഒരുമിച്ചു കൂടുന്ന പരിപാടികൾ റദ്ദാക്കിയതിനാൽ ദേവാലയങ്ങളിലെ ഞായറാഴ്ച തിരുകർമ്മങ്ങൾക്കായി ഒന്നിലധികം സേവനങ്ങൾ നടത്തുവാൻ പദ്ധതി തയ്യാറാക്കുന്നു.
- ന്യൂസിലാൻഡ് ഡോളർ ഇന്ത്യൻ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നത്തെ നിരക്ക് ഒരു ന്യൂസിലാൻഡ് ഡോളറിനു 41 രൂപയായി കുറഞ്ഞു. പതിനൊന്ന് വർഷങ്ങൾക്കു ശേഷമാണ് ന്യൂസിലാൻഡ് ഡോളറിന്റെ മൂല്യം ഇത്രയധികം താഴുന്നത്.
- സർക്കാർ ഉടനടി നടപടിയെടുത്തില്ലെങ്കിൽ മാസ്‌കുകളുടെ അഭാവം മൂലം ദന്താശുപത്രികൾ ആഴ്ചകൾക്കുള്ളിൽ അടച്ചുപൂട്ടേണ്ടിവരുമെന്ന് ഡെന്റൽ അസോസിയേഷൻ അറിയിച്ചു.
കടപ്പാട് : New Zealand Malayali [facebook.com/newzealandmalayali]