ആഗോളതലത്തിൽ കൊറോണാ വൈറസ് ബാധയെത്തുടർന്നുള്ള മരണങ്ങൾ 3,000 കടന്നു. നിലവിൽ 60-ൽ അധികം രാജ്യങ്ങളിലേക്ക് Covid-19 പരത്തുന്ന വൈറസ് വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ഇതുവരെ ലോകവ്യാപകമായി 88,000-ൽ പരം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗത്തിന്റെ പ്രഭവകേന്ദ്രം എന്ന് സംശയിക്കുന്ന ചൈനയിൽ മരണ സംഖ്യ 2,912 ആയി ഉയർന്നു. ഇന്നലെ മാത്രം അഞ്ഞൂറിലധികം പുതിയ രോഗബാധിതരെ ചൈനയിൽ കണ്ടെത്തിയിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ രോഗബാധകൾ കണ്ടെത്തിയ ദക്ഷിണ കൊറിയയിൽ നിന്ന് തിങ്കളാഴ്ച്ച മാത്രം ഏതാണ്ട് 470-ൽ പരം Covid-19 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണ കൊറിയയിൽ രോഗം ബാധിച്ചവരുടെ എണ്ണം 4,212 ആയി.
ഇറാനിൽ 978 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട് ചെയ്തിരിക്കുന്നത് ഇറാനിലാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം 54 പേർക്ക് Covid-19-നെ തുടർന്ന് ജീവഹാനി സംഭവിച്ചിട്ടുണ്ട്. കുവൈറ്റിൽ നിന്ന് 46 പേർക്കും, ബഹ്‌റൈനിൽ 38 പേർക്കും, യു എ ഇയിൽ 21 പേർക്കും, ഒമാനിൽ 6 പേർക്കും നിലവിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിൽ നിന്ന് ഇന്ന് ആദ്യമായി രോഗബാധ റിപ്പോർട് ചെയ്തിട്ടുണ്ട്. സിംഗപ്പൂരിൽ രോഗബാധിതരുടെ എണ്ണം 100 കടന്നു.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയ ഇറ്റലിയിൽ നിന്ന് നിലവിൽ മുപ്പതിലധികം ജീവഹാനിയും 1,700-ഓളം പേർക്ക് രോഗബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 130 പേർക്ക് രോഗം കണ്ടെത്തിയ ഫ്രാൻസിൽ ഇത് വരെ രോഗത്തെത്തുടർന്ന് 2 പേര് മരണപ്പെട്ടിട്ടുണ്ട്. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഫ്രാൻസിലെ ലൂവർ മ്യൂസിയം ഞായറാഴ്ച്ച മുതൽ അടച്ചിട്ടുണ്ട്. അമേരിക്കയിൽ നിന്ന് ഇത് വരെ 2 പേരുടെയും ആസ്‌ട്രേലിയയിൽ നിന്ന് ഒരാളുടെയും മരണം Covid-19-നുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തു. ജർമനിയിൽ ഇതുവരെ 129 പേർക്കാണ് രോഗം കണ്ടെത്തിയിട്ടുള്ളത്.
ആരോഗ്യ രംഗത്തും സാമ്പത്തിക രംഗത്തും ആഗോളവ്യാപകമായി കൊറോണാ വൈറസ് സൃഷ്ടിക്കുന്ന ആഘാതം ആശങ്കൾക്കിടയാക്കുന്നതാണ്. ലോകാരോഗ്യ സംഘടന അതീവ ഗുരുതരമായ ആരോഗ്യ സാഹചര്യമായാണ് ആഗോളതലത്തിലെ Covid-19 ബാധയെ കാണുന്നത്. ലോകവ്യാപകമായി രാജ്യങ്ങൾ യാത്രാ വിലക്കുകളും, പ്രതിരോധ നടപടികളും കൈക്കൊള്ളാൻ നിർബന്ധിതരായതോടെ യാത്രാ രംഗത്തും, വിനോദ സഞ്ചാര മേഖലയിലും മറ്റും പ്രകടമായ മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.