COVID-19: ദുബായ് എയർപോർട്ടിൽ തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള നൂതന ആരോഗ്യ സുരക്ഷാ സംവിധാനങ്ങൾ

GCC News

കൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കാനും രാജ്യത്തേക്ക് രോഗം ബാധിച്ചെത്തുന്നവരെ നേരത്തെ തന്നെ കണ്ടെത്തി രോഗം പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നൂതന സംവിധാനങ്ങളുമായി ദുബായ് എയർപോർട്ട്. ഇതിന്റെ ഭാഗമായി ഓട്ടോമാറ്റിക് തെർമൽ സ്ക്രീനിങ് സംവിധാനവും കർശനമായ ആരോഗ്യ പരിശോധനകളും എയർപോർട്ടിൽ നടപ്പിലാക്കി. ദുബായ് എയർപോർട്ടിലെത്തുന്ന യാത്രക്കാർക്ക് നിലവിൽ ഏർപെടുത്തിയിട്ടുള്ള മുഴുവൻ ആരോഗ്യ സുരക്ഷാ നടപടികളും വിശദീകരിച്ചുകൊണ്ടുള്ള വീഡിയോ ദുബായ് മീഡിയ ഓഫീസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

കൊറോണാ ബാധിത രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ എയർപോർട്ട് ഗേറ്റിൽ നിന്നു തന്നെ ഓട്ടോമാറ്റിക് തെർമൽ സ്ക്രീനിങ് സംവിധാനം ഉപയോഗിച്ച് സൂക്ഷമപരിശോധനകൾക്ക് വിധേയരാക്കും. ഈ പരിശോധനയിൽ ഉയർന്ന ശരീരോഷ്മാവ് രേഖപ്പെടുത്തുന്ന യാത്രികരെ ആരോഗ്യസുരക്ഷാ ഉദ്യോഗസ്ഥർ പുനഃപരിശോധനയ്ക്ക് വിധേയരാക്കുകയും ഉയർന്ന ശരീരോഷ്മാവ് സ്ഥിരീകരിക്കുന്നവരെ പ്രത്യേക ആംബുലൻസുകളിൽ ആശുപത്രികളിലേക്ക് മാറ്റും.

മറ്റു യാത്രികരെ ആരോഗ്യ പരിശോധനകൾക്ക് തയ്യാറാക്കിയ പ്രത്യേകം സജ്ജീകരിച്ച ഒരു ഹാളിലേക്ക് നയിക്കുകയും, ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്താൻ മൂക്കിൽ നിന്നും സ്രവങ്ങൾ ശേഖരിക്കുകയും ചെയ്യുന്നതായിരിക്കും. ഈ ലാബ് പരിശോധനകൾക്ക് 100 യാത്രികർക്ക് ഏകദേശം 30 മിനിറ്റ് വരെ സമയമെടുക്കാൻ സാധ്യതയുണ്ട്. തുടർന്ന് പാസ്പോർട്ട് നടപടികൾക്ക് ശേഷം യാത്രികർക്ക് COVID-19 സംബന്ധമായ പ്രതിരോധ നിർദ്ദേശങ്ങളും, സ്വയം ക്വാറന്റീൻ ചെയ്യേണ്ട സാഹചര്യത്തിൽ എടുക്കേണ്ട നടപടികളും, ദുബായ് ഹെൽത്ത് അതോറിറ്റിയുടെ (DHA) ഡോക്ടർമാരുമായി ബന്ധപ്പെടുന്നതിനുള്ള സ്മാർട്ട് കമ്മ്യൂണിക്കേഷൻ സംവിധാനത്തെക്കുറിച്ചുള്ള നിർദ്ദേശങ്ങളും നൽകും.

എയർപോർട്ടിനു പുറത്തിറങ്ങുമ്പോളും യാത്രികരെ ഒരു വട്ടം കൂടി ഓട്ടോമാറ്റിക് തെർമൽ സ്ക്രീനിങ് സംവിധാനം ഉപയോഗിച്ച് സൂക്ഷമപരിശോധനകൾക്ക് വിധേയരാക്കിയ ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശിക്കാനനുവദിക്കുക.