Covid-19 – പൗരന്മാർക്ക് ഇറാനിലേക്കും തായ്‌ലൻഡിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തി യു എ ഇ

GCC News

കൊറോണാ വൈറസ് ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പൗരന്മാർക്ക് ഇറാൻ, തായ്‌ലൻഡ് എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിൽ യു എ ഇ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യങ്ങളിൽ രോഗം പകരുന്നത് തടയാനും, യു എ ഇയിലെ പൗരന്മാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുമാണ് ഈ തീരുമാനം.

“കൊറോണാ വൈറസ് ബാധ പടരുന്നത് തടയുന്നതിനായി യു എ ഇ കൈക്കൊള്ളുന്ന നടപടികളുടെ ഭാഗമായും, രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനിലേക്കും തായ്‌ലൻഡിലേക്കും ഉള്ള യാത്രകൾ വിലക്കിയതായും, നിലവിൽ ഈ രാജ്യങ്ങളിൽ ഉള്ള യു എ ഇ പൗരന്മാർ അതാത് രാജ്യങ്ങളിലെ യു എ ഇ എംബസികളുമായോ 800 44444 എന്ന മന്ത്രാലയത്തിന്റെ കാൾ സെന്ററുമായോ ബന്ധപ്പെടേണ്ടതാണെന്നും” വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച്ച പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.