കൊറോണാ വൈറസ് ബാധ സ്ഥിരീകരിച്ച 78 കാരൻ മരണമടഞ്ഞതായി ഫെബ്രുവരി 22, ശനിയാഴ്ച്ച ഇറ്റാലിയൻ മാധ്യമങ്ങൾ വെനെറ്റോയിലെ ഗവർണറെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തു. പത്തു ദിവസം മുന്നേ മറ്റു ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം സുഖം പ്രാപിച്ച ഈ 78-കാരനു പിന്നീട് COVID-19 സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി അറിയിച്ചു.വടക്കൻ ഇറ്റലിയിലെ പദുവയിൽനിന്ന് രോഗബാധ സ്ഥിരീകരിച്ച രണ്ട് പേരിൽ ഒരാളാണ് ഇപ്പോൾ മരണമടഞ്ഞത്.
വടക്കൻ ഇറ്റലിയിലെ ലൊംബാർഡി മേഖലയിലെ പത്തോളം ചെറു പട്ടണങ്ങളിൽ നിന്നായി 15 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചിരുന്നത്. ഈ പ്രദേശങ്ങളിലെ സ്‌കൂളുകൾ, കോളേജുകൾ മറ്റു പൊതു ഇടങ്ങൾ മുതലായവയെല്ലാം രോഗബാധയെ തുടർന്ന് താത്കാലികമായി അടച്ചിരിക്കുകയാണ്. ഈ നടപടികളെടുത്ത് ഏതാനം മണിക്കൂറുകൾക്കുള്ളിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ ഈ രോഗത്തെത്തുടർന്നുള്ള ആദ്യ മരണം ഇറ്റലിയിൽ നിന്ന് സ്ഥിരീകരിക്കുന്നത്.
കാര്യങ്ങൾ നിയന്ത്രണത്തിലാണെന്നും രോഗനിവാരണത്തിനുള്ള ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടതായും ഇറ്റാലിയൻ പ്രധാന മന്ത്രി ജ്യൂസെപ്പെ കോണ്ടി (Giuseppe Conte) അറിയിച്ചു. രോഗ ബാധ സ്ഥരീകരിച്ച മേഖലകളിൽ ആളുകളോട് വീടുകളിൽ കഴിയാനും, ഒരാഴ്ചത്തേക്ക് ആഘോഷങ്ങൾ, കായിക വിനോദങ്ങൾ തുടങ്ങിയ പൊതു പരിപാടികൾ നിരോധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
1 thought on “COVID-19 – യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ മരണം ഇറ്റലിയിൽ നിന്ന് റിപ്പോർട്ട് ചെയ്തു”