അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ടുകൾക്ക് മാത്രമാണ് സാധുത എന്ന തീരുമാനത്തിൽ മാറ്റം വരുത്തി. അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നും, 48 മണിക്കൂറിനിടയിൽ ലഭിച്ചിട്ടുള്ള പരിശോധനാ ഫലങ്ങൾ ഇതിനായി ഉപയോഗിക്കാമെന്ന് അധികൃതർ ജൂലൈ 5-നു പുലർച്ചെ അറിയിച്ചിട്ടുണ്ട്.
അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്ക് ചെറു യാത്രകൾക്കായി പോകുന്നവർക്ക്, ഈ പുതിയ തീരുമാനത്തിന്റെ ഭാഗമായി, യാത്രകൾക്ക് മുൻപ് അബുദാബിയിലെ സ്ക്രീനിംഗ് സെന്ററുകളിൽ നിന്ന് COVID-19 ടെസ്റ്റിംഗ് നടത്താവുന്നതാണ്. ഇതിന്റെ പരിശോധനാഫലം, 48 മണിക്കൂറിനുള്ളിൽ എമിറേറ്റിലേക്ക് തിരികെ എത്തുന്ന തരത്തിലുള്ള യാത്രകൾക്കായി ഉപയോഗിക്കാമെന്നാണ് അധികൃതർ ഇത് സംബന്ധിച്ച് നൽകിയിരിക്കുന്ന ഏറ്റവും പുതിയ അറിയിപ്പ്.
എന്നാൽ അബുദാബിയിൽ നിന്ന് പരിശോധന നടത്തിയ ശേഷം 48 മണിക്കൂർ കഴിഞ്ഞ് എമിറേറ്റിലേക്ക് തിരികെ പ്രവേശിക്കുന്നതിന് ഈ റിസൾട്ടിന് സാധുത ഉണ്ടായിരിക്കില്ല. ഇത്തരം യാത്രികർ, മറ്റു എമിറേറ്റുകളിലെ നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട്, എമിറേറ്റിലേക്കുള്ള പാതകളിലെ ചെക്പോയിന്റുകളിൽ ഹാജരാക്കേണ്ടതാണ്.
എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന്, അബുദാബിയിലെ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നുള്ള പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ലെന്നും, എല്ലാ യാത്രികർക്കും, മറ്റു എമിറേറ്റുകളിൽ നിന്നും ടെസ്റ്റ് ചെയ്ത ശേഷം ലഭിക്കുന്ന COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാണെന്നും അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ രണ്ട് ദിവസം മാത്രം നീണ്ടുനിൽക്കുന്ന ചെറു യാത്രകൾ നടത്തുന്നവർക്ക് ഇതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം മാറ്റിയിട്ടുള്ളത്.