ദുബായ് വിമാനത്താവളത്തിലൂടെ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ COVID-19 PCR ടെസ്റ്റ് നിബന്ധനകളിൽ ഡിസംബർ 6 മുതൽ മാറ്റം വരുത്തി. പുതിയ നിർദ്ദേശങ്ങൾ പ്രകാരം, സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നീ GCC രാജ്യങ്ങളിൽ നിന്ന് വ്യോമമാർഗ്ഗം യാത്രചെയ്തെത്തുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് മുൻപ് നിർബന്ധമാക്കിയിരുന്ന COVID-19 PCR ടെസ്റ്റ് ഒഴിവാക്കിയിട്ടുണ്ട്.
ഡിസംബർ 6, ഞായറാഴ്ച്ച രാത്രിയാണ് ദുബായ് എയർപോർട്ട് അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് വിവിധ വിമാന കമ്പനികൾക്ക് നൽകിയത്. ഞായറാഴ്ച്ച രാത്രി മുതൽ ഈ നിർദ്ദേശം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB), അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം (DWC) എന്നിവയിലൂടെ പ്രവേശിക്കുന്ന GCC രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്കാണ് ഈ ഇളവ് ലഭിക്കുന്നത്. ഇവർക്ക് ദുബായിലെത്തിയ ശേഷം വിമാനത്താവളത്തിൽ നിന്ന് COVID-19 PCR ടെസ്റ്റ് നടത്തിയാൽ മതിയെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
ഡിസംബർ 7 മുതൽ എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നീ വിമാനകമ്പനികൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലെ യാത്രാ നിർദ്ദേശങ്ങളിൽ ഈ പുതിയ നിബന്ധന സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്. https://www.emirates.com/in/english/help/covid-19/dubai-travel-requirements/tourists/ എന്ന വിലാസത്തിൽ എമിറേറ്റ്സ് നൽകിയിട്ടുള്ള യാത്രാ നിർദ്ദേശങ്ങൾ പ്രകാരം സൗദി അറേബ്യ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ എന്നീ GCC രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക്, യാത്രകൾക്ക് മുൻപ് COVID-19 PCR ടെസ്റ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നു. ഈ പരിശോധനകൾ ദുബായ് വിമാനത്താവളത്തിൽ വെച്ച് നടത്തുന്നതിന് യാത്രികർക്ക് തീരുമാനിക്കാവുന്നതാണെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
എന്നാൽ ഈ ഇളവ് വിമാനയാത്രികർക്ക് മാത്രമാണെന്നും ഹത്ത ബോർഡർ വഴി റോഡ് മാർഗ്ഗം പ്രവേശിക്കുന്ന യാത്രികർക്ക്, യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ ലഭ്യമായ COVID-19 PCR റിസൾട്ട് നിർബന്ധമാണെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്. എമിറേറ്റ്സ് നൽകുന്ന അറിയിപ്പ് പ്രകാരം യു കെ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്കും ഈ ഇളവ് ലഭ്യമാണ്. എന്നാൽ യാത്രികർക്ക് തങ്ങളുടെ താത്പര്യമനുസരിച്ച് ആവശ്യമെങ്കിൽ ഈ പരിശോധനകൾ യാത്ര പുറപ്പെടുന്നതിന് 96 മണിക്കൂറിനിടയിൽ നടത്താവുന്നതാണെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.
സമാനമായ അറിയിപ്പ് ഫ്ലൈ ദുബായ് വെബ്സൈറ്റിലും നൽകിയിട്ടുണ്ട്. GCC രാജ്യങ്ങളിൽ നിന്നും ദുബായിലേക്കുള്ള റെസിഡൻസി, ടൂറിസ്റ്റ്, വിസിറ്റ് വിസകളിലുള്ള യാത്രികർക്ക് ദുബായിൽ വിമാനത്താവളത്തിലെത്തിയ ശേഷം മാത്രം COVID-19 PCR ടെസ്റ്റ് നടത്തിയാൽ മതിയാകുന്നതാണെന്ന് ഫ്ലൈ ദുബായ് അറിയിപ്പിൽ പറയുന്നു. ദുബായിൽ വെച്ച് പരിശോധന നടത്തിയ ശേഷം റിസൾട്ട് ലഭിക്കുന്നത് വരെ യാത്രികർ ക്വാറന്റീനിൽ തുടരണമെന്നും ഫ്ലൈ ദുബായ് വ്യക്തമാക്കിയിട്ടുണ്ട്.