രാജ്യത്തെ COVID-19 രോഗമുക്തി നിരക്ക് 94 ശതമാനം കടന്നതായി ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ആഹ്മെദ് അൽ സൈദി അറിയിച്ചു. ഒമാനിലെ കൊറോണ വൈറസ് സാഹചര്യം വിശകലനം ചെയ്ത് കൊണ്ട് പത്രപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഒമാനിലെ 86380 കൊറോണ വൈറസ് രോഗബാധിതരിൽ 81828 പേർ ഇത് വരെ സുഖം പ്രാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടത്തിയ ആകെ പരിശോധനകളിൽ, രോഗബാധ കണ്ടെത്തിയവരുടെ ശതമാനം സെപ്റ്റംബർ 3 വരെ 17 ശതമാനത്തിലേക്ക് താഴ്ന്നതായും അദ്ദേഹം വ്യക്തമാക്കി. ജൂലൈ ആദ്യ വാരത്തിൽ ഇത് 50 ശതമാനമായിരുന്നു.
ഒമാനിലെ COVID-19 സാഹചര്യം വിലയിരുത്തുന്നതിനായി ഇനി മുതൽ 3 പ്രത്യേക സൂചികകളെയായിരിക്കും ആരോഗ്യ മന്ത്രാലയം പിന്തുടരുന്നതെന്ന് ഇതേ പത്രസമ്മേളനത്തിൽ പങ്കെടുത്തു കൊണ്ട് ഡോ. സൈഫ് അൽ അബ്രി അറിയിച്ചു. ദിനംപ്രതിയുള്ള പരിശോധനകളുടെ കണക്കുകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനു പകരം, ചികിത്സകൾ ആവശ്യമായിവരുന്ന രോഗബാധിതരുടെ എണ്ണം, തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണം, ജനസംഖ്യയുടെ ഓരോ ലക്ഷം പേരിലും രേഖപ്പെടുത്തുന്ന മരണനിരക്ക് എന്നിവയായിരിക്കും രാജ്യത്തെ രോഗസാഹചര്യം വിശകലനം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാല് ആശുപത്രികൾ ഐസൊലേഷൻ ആവശ്യങ്ങൾക്കായി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ അവസാനത്തോടെ എല്ലാ ആശുപത്രികളും COVID-19 രോഗബാധിതർക്ക് ചികിത്സകൾ നൽകുന്നതിനായി അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം തയാറാകുമെന്നും അദ്ദേഹം അറിയിച്ചു.