നിയമവിരുദ്ധമായി വിദേശത്തേക്ക് പണം അയക്കുന്ന സേവനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി ഒമാൻ സെൻട്രൽ ബാങ്ക്

GCC News

വിദേശരാജ്യങ്ങളിലേക്ക് പണം അയക്കുന്നതിനുള്ള സേവനങ്ങൾ അനധികൃതമായി നൽകുന്ന വാണിജ്യ സ്ഥാപനങ്ങൾക്കും, വ്യക്തികൾക്കും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (CBO) മുന്നറിയിപ്പ് നൽകി. പ്രവർത്തനാനുമതിയില്ലാതെ ഇത്തരം സേവനങ്ങൾ നൽകുന്ന വ്യക്തികളുമായോ, സ്ഥാപനങ്ങളുമായോ ഇടപാടുകൾ നടത്തരുതെന്ന് ഒമാനിലെ പൗരന്മാർക്കും, പ്രവാസികൾക്കും CBO മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒമാനിലെ നിയമങ്ങൾ അനുസരിച്ച്, പണം വിദേശത്തേക്ക് അയക്കാൻ അനുവാദമില്ലാത്ത, അനധികൃതമായി ഇത്തരം സേവനങ്ങൾ നൽകുന്നവരുമായി ഇടപാടുകൾ നടത്തുന്നത് നിയമവിരുദ്ധവും, ക്രിമിനൽ കുറ്റവുമാണെന്ന് CBO വ്യക്തമാക്കി. ഇത്തരം സേവനങ്ങൾ നൽകുന്നവരുമായി നടത്തുന്ന ഇടപാടുകൾക്ക് നിയമ പരിരക്ഷ ഇല്ലാത്തതാണെന്നും, വഞ്ചിക്കപ്പെടാനുള്ള സാധ്യതകൾ ഉണ്ടെന്നും CBO കൂട്ടിച്ചേർത്തു. ഇത്തരം സേവനങ്ങൾക്കായി ഉപഭോക്താക്കളിൽ നിന്ന് പണം വാങ്ങുന്നതും രാജ്യത്ത് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്.

“ഇത്തരം പ്രവർത്തനങ്ങളെല്ലാം ഒമാനിലെ ബാങ്കിങ്ങ് നിയമങ്ങൾക്ക് വിരുദ്ധവും, രാജ്യത്തെ പണമിടപാടുകൾ സംബന്ധിച്ച നിയമങ്ങളുടെയും, കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമങ്ങളുടെയും, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം തടയുന്ന നിയമങ്ങളുടെയും ലംഘനവുമാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് പിഴയും, തടവും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.”, CBO പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.