കുവൈറ്റ്: COVID-19 വൈറസ് വ്യാപനം തുടർന്നാൽ ഭാഗിക ലോക്ക്ഡൌൺ ഏർപ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവ് തുടരുകയാണെങ്കിൽ ഭാഗികമായ ലോക്ക്ഡൌൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദാണ് ഇക്കാര്യം അറിയിച്ചത്. ആഗോളതലത്തിലെയും, കുവൈറ്റിലെയും രോഗസാഹചര്യങ്ങൾ മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ച് വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ദിനംപ്രതിയുള്ള രോഗബാധിതരുടെയും, ചികിത്സാ രീതികളുടെയും, തീവ്രപരിചരണം ആവശ്യമായി വരുന്ന രോഗികളുടെയും, മരണപ്പെടുന്നവരുടെയും വിവരങ്ങൾ മന്ത്രാലയം തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്നും, സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തി നടപ്പിലാക്കുന്നതിൽ മന്ത്രാലയം പൂർണ്ണസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു രാജ്യങ്ങളിൽ നിലവിൽ പ്രകടമാകുന്നത് പോലെ കുവൈറ്റിലും വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം ഉടലെടുക്കുകയാണെങ്കിൽ പ്രതിരോധിക്കുന്നതിനായി ഭാഗിക ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താൻ തീരുമാനിക്കുന്നു എന്ന രീതിയിൽ കുവൈറ്റിൽ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്ന വാർത്തകളോട് പ്രതികരിച്ച് കൊണ്ടാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. രാജ്യത്തെ ദിനംപ്രതിയുള്ള സാഹചര്യങ്ങൾക്കനുസരിച്ച് ഇത്തരം നടപടികൾ കൈകൊള്ളുന്നതിന് ആവശ്യമായ സൂചനകൾ മന്ത്രാലയം കാബിനറ്റിന് മുൻപാകെ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo: Kuwait News Agency