യു എ ഇ: ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾക്കെതിരെ മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

GCC News

രാജ്യത്ത് ഹാക്കിങ്ങ് ഉൾപ്പടെയുള്ള ഇലക്ട്രോണിക് കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് കനത്ത പിഴയും, തടവും അടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരാമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയതായി തെളിയുന്നവർക്ക് ചുരുങ്ങിയത് ഒരു ലക്ഷം ദിർഹം പിഴ ചുമത്തപ്പെടാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ഇലക്ട്രോണിക് കുറ്റകൃത്യങ്ങൾ തടയുന്നതിനും, ഊഹാപോഹങ്ങൾ തടയുന്നതിനുമുള്ള യു എ ഇ നിയമം 34/ 2021-ലെ ആർട്ടിക്കിൾ 2 പ്രകാരമാണ് ഈ ശിക്ഷാ നടപടികൾ. ഗുരുതര കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർക്ക് അഞ്ച് ലക്ഷം ദിർഹം വരെ പിഴ ചുമത്തപ്പെടാവുന്നതാണ്.

നിയമവിരുദ്ധമായി, ഒരു വെബ്സൈറ്റോ, ഇലക്ട്രോണിക് വിവര സംവിധാനമോ, ശൃംഖലയോ, മറ്റു സാങ്കേതികവിദ്യകളോ, ഹാക്ക് ചെയ്യുന്നവർക്ക് തടവും, ഒരു ലക്ഷം ദിർഹം മുതൽ മൂന്ന് ലക്ഷം ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്. കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് തടവ്, പിഴ എന്നിവയുടെ കാഠിന്യം കൂടുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

ഇത്തരം ഹാക്കിങ്ങ് മൂലം വെബ്സൈറ്റ്, ഇലക്ട്രോണിക് വിവര സംവിധാനം, ശൃംഖല, മറ്റു സാങ്കേതികവിദ്യകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിക്കുകയോ, അവയുടെ സേവനത്തിൽ തടസം നേരിടുകയോ ചെയ്യുന്ന സാഹചര്യത്തിൽ ചുരുങ്ങിയത് ആറ് മാസം തടവും, ഒന്നരലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ദിർഹം പിഴയും ചുമത്തുന്നതാണ്. ഇത്തരം ഇലക്ട്രോണിക് കുറ്റകൃത്യത്തിന്റെ ഭാഗമായി ഒരു ഇലക്ട്രോണിക് സംവിധാനത്തിലെ വിവരങ്ങൾ ചോരുകയോ, നഷ്ടപ്പെടുകയോ, മാറ്റം വരുത്തപ്പെടുകയോ, അനധികൃതമായി പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യത്തിലും ഇതേ ശിക്ഷകൾ ലഭിക്കുന്നതാണ്.

ക്രമവിരുദ്ധമായ ഒരു കാര്യം ചെയ്യുന്നത് ലക്ഷ്യമിട്ടാണ് ഇത്തരം ഹാക്കിങ്ങ് പ്രവർത്തനങ്ങൾ (ഡാറ്റ ചോർത്തുന്നത് ഉൾപ്പടെ) ചെയ്തതെങ്കിൽ ചുരുങ്ങിയത് ഒരു വർഷം തടവും, രണ്ട് ലക്ഷം മുതൽ അഞ്ച് ലക്ഷം വരെ ദിർഹം പിഴയും ചുമത്തുന്നതാണ്.