രാജ്യത്തെ COVID-19 രോഗബാധിതരുടെ സംഖ്യയിൽ ദിനംപ്രതി കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നതായും, രോഗമുക്തി നിരക്ക് 96 ശതമാനത്തിലേക്ക് ഉയർന്നതായും സൗദി ആരോഗ്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് അൽ റാബിയ വ്യക്തമാക്കി. ഒക്ടോബർ 19-നാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സൗദി നിവാസികൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളോട് പുലർത്തുന്ന പ്രതിബദ്ധതയാണ് വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിൽ സഹായകമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായ മുഴുവൻ ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. മറ്റു രാജ്യങ്ങളിൽ പ്രകടമാകുന്ന കൊറോണ വൈറസിന്റെ രണ്ടാം ഘട്ട വ്യാപനം, സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം മുതലായ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ മൂലമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനാൽ വൈറസിനെതിരായ ജാഗ്രത സൗദിയിൽ തുടരേണ്ടതുണ്ടെന്ന് അദ്ദേഹം സമൂഹത്തെ ഓർമ്മപ്പെടുത്തി.
വൈറസ് വ്യാപനം തടയുന്നതിലും, COVID-19 പ്രതിരോധ നടപടികളിലും സർക്കാർ ജാഗ്രത തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മുഴുവൻ സമൂഹവും ഈ പ്രയത്നത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്നും, ഓരോ വ്യക്തികൾ വരുത്തുന്ന വീഴ്ച്ചകളും മുഴുവൻ സമൂഹത്തെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ ഉടൻ തന്നെ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും അദ്ദേഹം ആവശ്യപ്പെട്ടു. ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് പരിശോധനകൾക്കായി മുൻകൂർ അനുമതി ലഭിക്കുന്നതിനായി മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്പ് (Sehaty) ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർമാരുമായി ഫോണിലൂടെ ബന്ധപ്പെടുന്നതിനായി മന്ത്രാലയം ഒരുക്കിയിട്ടുള്ള 937 എന്ന സംവിധാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു.