യു എ ഇ: രോഗവ്യാപനം കൂടുന്നു; സുരക്ഷാ നിബന്ധനകൾ കർശനമായും പാലിക്കാൻ നിർദ്ദേശം

UAE

രാജ്യത്തെ ഉയർന്നുവരുന്ന കൊറോണ വൈറസ് രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ സുരക്ഷാ മുൻകരുതലുകളും, മാനദണ്ഡങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ യു എ ഇ സർക്കാർ വക്താവ് ഡോ. ഫരീദ അൽ ഹോസാനി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ 10, വ്യാഴാഴ്ച്ച നടന്ന പ്രത്യേക പത്രസമ്മേളനത്തിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ഏതാനം ദിനങ്ങളിലായി രാജ്യത്തെ COVID-19 രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് ചൂണ്ടികാട്ടിക്കൊണ്ടാണ് ഡോ. അൽ ഹോസാനി ഇക്കാര്യം പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തിയത്.

സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പൊതുസമൂഹത്തിലെ ഏതാനം ചിലർ പുലർത്തുന്ന അശ്രദ്ധയും, ഉത്തരവാദിത്വമില്ലായ്മയും മൂലമാണ് നിലവിൽ രോഗവ്യാപനം വർദ്ധിച്ചിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, മുൻകരുതൽ നിർദ്ദേശങ്ങൾ എന്നിവ പാലിക്കുന്നതിൽ പ്രകടമാക്കുന്ന വിമുഖത പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണ്. മാസ്കുകൾ ഉപയോഗിക്കാതിരിക്കുന്നതും, പൊതുഇടങ്ങളിൽ മറ്റു സുരക്ഷാ മുൻകരുതലുകൾ പാലിക്കാതിരിക്കുന്നതും, വീടുകളിലും ഭക്ഷണശാലകളിലും മറ്റും നടക്കുന്ന സാമൂഹിക ഒത്തുചേരലുകൾ, ഇവയെല്ലാം രോഗവ്യാപനം രൂക്ഷമാക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.

വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാര ശാലകൾ തുടങ്ങിയ സ്ഥാപനങ്ങളും സുരക്ഷാ മുൻകരുതലുകളിൽ വീഴ്ച വരുത്തുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇത്തരം സ്ഥാപനങ്ങളിൽ സമൂഹ അകലം ഉറപ്പാക്കാത്തതും, പരിധിയിൽ കവിഞ്ഞ അളവിൽ ആളുകൾ ഒത്തുകൂടുന്നതിനു അനുവദിക്കുന്നതും, മാസ്കുകളുടെ ഉപയോഗം സംബന്ധിച്ച നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാത്തതും വൈറസ് വ്യാപനത്തിന് ഇടയാക്കിയതായി ഡോ. അൽ ഹോസാനി വ്യക്തമാക്കി. ഇത്തരം വീഴ്ചകൾ വരുത്തിയ ദുബായിലെ ഒരു ഡിപ്പാർട്ടമെന്റ് സ്റ്റോർ അധികൃതർ അടച്ചുപൂട്ടിയതായും, 50000 ദിർഹം പിഴ ചുമത്തിയതായും അവർ കൂട്ടിച്ചേർത്തു.

രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന പലരും കൊറോണ വൈറസ് ടെസ്റ്റ് നടത്താതെ, മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നതും രാജ്യത്തെ രോഗബാധയുടെ എണ്ണം കൂട്ടുന്നതിന് കരണമായിട്ടുണ്ടെന്ന് ഡോ. അൽ ഹോസാനി അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങളോടുള്ള ഇത്തരം അവഗണന ഉയർത്തുന്ന ഭീഷണി വളരെ വലുതാണെന്ന് അവർ സമൂഹത്തെ ഓർമ്മപ്പെടുത്തി. രോഗബാധിതരുമായി ഇടപഴകാനിടയായി എന്ന് സംശയിക്കപ്പെടുന്നവർ ക്വാറന്റീൻ നടപടികൾ കർശനമായി പാലിക്കാനും അവർ ആവശ്യപ്പെട്ടു.

രാജ്യത്ത് വീണ്ടും കൊറോണ വൈറസ് രോഗബാധയുടെ തോത് ഉയർന്നതോടെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള പരിശോധനകൾ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) കർശനമാക്കിയതായും, ഇത്തരം വീഴ്ചകൾ വരുത്തുന്ന വാണിജ്യ സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വ്യക്തികൾ മുതലായവർക്കെതിരെ നടപടികൾ ഉണ്ടാകുമെന്നും ഡോ. അൽ ഹോസാനി വ്യക്തമാക്കി.