രാജ്യത്തെ വാക്സിനെടുക്കാത്തവരിൽ COVID-19 രോഗവ്യാപനം തീവ്രമാകുന്നതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്ല മുഫരിഹ് അസിരിയാണ് ഇക്കാര്യം അറിയിച്ചത്.
രോഗബാധയ്ക്ക് ശേഷം ശരീരം ആർജ്ജിക്കുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി കൊറോണാ വൈറസിന്റെ വകഭേദങ്ങളെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിനെടുക്കാൻ സാധിക്കാത്ത വിഭാഗങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്ന സാഹചര്യം വൈറസുകളുടെ പുതിയ വകഭേദങ്ങൾ ഉടലെടുക്കുന്നതിന് കാരണമാകുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വകഭേദങ്ങൾ പലപ്പോഴും, മുൻപുണ്ടായിരുന്ന വൈറസിനേക്കാൾ തീവ്രതയേറിയതാകാമെന്നും, മഹാമാരിയുടെ വ്യാപനം രൂക്ഷമാകാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.