അബുദാബി: ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരിയിൽ പ്രവർത്തനമാരംഭിക്കും

GCC News

അബുദാബിയിൽ ആരംഭിക്കാനിരിക്കുന്ന ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് 2024 ജനുവരി മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ഐഐടി-ഡൽഹി ഡയറക്ടർ അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉൾപ്പടെ യു എ ഇ – ഇന്ത്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് വഴിയൊരുക്കുമെന്ന് ഡയറക്ടർ ശ്രീ. രംഗൻ ബാനർജി വ്യക്തമാക്കി. വിദ്യാഭ്യാസസംബന്ധിയായ ശ്രേഷ്‌ഠത, നവീനത, വിജ്ഞാനത്തിന്റെ കൈമാറ്റം, മനുഷ്യ മൂലധനത്തിലുള്ള നിക്ഷേപം തുടങ്ങി ഇരുരാജ്യങ്ങളും വിശ്വസിക്കുന്ന ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിലായിരിക്കും ഐഐടി-ഡൽഹി അബുദാബി ക്യാമ്പസെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയതായി ആരംഭിക്കുന്ന ക്യാമ്പസിലെ മുഴുവൻ അധ്യയന സംബന്ധിയായ വിഷയങ്ങളും ADEK, മറ്റു സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് ഐഐടി-ഡൽഹി തന്നെയായിരിക്കും കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം അറിയിച്ചു. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എനർജി ആൻഡ് സസ്‌റ്റൈനബിലിറ്റി, ഹെൽത്ത് കെയർ മുതലായ വിഷയങ്ങളായിരിക്കും ആദ്യ ഘട്ടത്തിൽ ഐഐടി-ഡൽഹി അബുദാബി ക്യാമ്പസിൽ ആരംഭിക്കുന്നത്.

മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI), ന്യൂയോർക്ക് യൂണിവേഴ്സിറ്റി അബുദാബി (NYUAD), ടെക്‌നോളജി ഇന്നോവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (TII) തുടങ്ങിയവരുമായി സഹകരിച്ച് കൊണ്ടുള്ള സംയോജിത പ്രോഗ്രാമുകൾ, ഗവേഷണങ്ങൾ മുതലായവയും ഐഐടി-ഡൽഹി അബുദാബി ക്യാമ്പസിൽ ഉണ്ടായിരിക്കുന്നതാണ്.

ഐഐടി-ഡൽഹിയുടെ ആദ്യ ഇന്റർനാഷണൽ ക്യാമ്പസാണ് അബുദാബിയിൽ ആരംഭിക്കുന്നത്. ഐഐടി-ഡൽഹിയുടെ ഇന്റർനാഷണൽ ക്യാമ്പസ് അബുദാബിയിൽ ആരംഭിക്കാൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജും (ADEK), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹിയും തമ്മിൽ നേരത്തെ ധാരണയിലെത്തിയിരുന്നു.

023 ജൂലൈ 15-ന് ഏകദിന ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്. ADEK ചെയർവുമണും, യു എ ഇ ഏർലി എഡ്യൂക്കേഷൻ മിനിസ്റ്റർ ഓഫ് സ്റ്റേറ്റുമായ സാറ മുസല്ലം, യു എ ഇയിലെ ഇന്ത്യൻ അംബാസഡർ ശ്രീ. സഞ്ജയ് സുധീർ, ഐഐടി-ഡൽഹി ഡയറക്ടർ ശ്രീ. രംഗൻ ബാനർജി എന്നിവരാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

WAM