കുവൈറ്റ്: പ്രവാസികളുടെ വിസ പുതുക്കുന്നതിന് നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിബന്ധന ഏർപ്പെടുത്തുന്നു

featured GCC News

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിന് നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ അടച്ച് തീർക്കണമെന്ന നിബന്ധന ഏർപ്പെടുത്തുന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ നിബന്ധന 2023 സെപ്റ്റംബർ 10, ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

ഈ തീരുമാന പ്രകാരം, കുവൈറ്റിലെ പ്രവാസികൾക്ക് തങ്ങളുടെ റെസിഡൻസി പെർമിറ്റുകൾ പുതുക്കുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി തങ്ങൾ സർക്കാരിലേക്ക് നൽകാനുള്ള എല്ലാ തരം സാമ്പത്തിക കുടിശ്ശികകളും അടച്ച് തീർക്കേണ്ടി വരുന്നതാണ്.

വിദേശികൾ സർക്കാരിലേക്ക് അടച്ച് തീർക്കാനുള്ള തുകകൾ പിരിച്ചെടുക്കുന്നത് സുഗമമാക്കുന്നതിനായി റെസിഡൻസി അഫയേഴ്‌സ് വിഭാഗം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫോർമേഷൻ വിഭാഗം എന്നിവയെ ബന്ധിപ്പിച്ച് കൊണ്ട് പ്രവർത്തനങ്ങൾ സംയോജിപ്പിക്കുന്നതിനുള്ള കുവൈറ്റ് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

കുവൈറ്റിലെ പ്രവാസികൾക്കിടയിൽ സാമ്പത്തിക ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി റെസിഡൻസി പെർമിറ്റുകൾ പുതുക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾ, ആദ്യ പടിയായി കുവൈറ്റ് സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് അടച്ച് തീർക്കേണ്ടതായ നിലവിലുള്ള സാമ്പത്തിക കുടിശ്ശികകൾ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയോ, സഹേൽ ആപ്പ് ഉപയോഗിച്ച് കൊണ്ടോ അടച്ച് തീർക്കേണ്ടതാണ്.