അബുദാബി: രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക് സൗജന്യമായി COVID-19 പരിശോധിക്കാം

GCC News

കൊറോണാ വൈറസ് ബാധയുടെ രോഗ ലക്ഷണങ്ങൾ ഉള്ളവർക്ക്, അബുദാബിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ, സൗജന്യമായി COVID-19 പരിശോധനകൾ നടത്താമെന്ന് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് മെയ് 3-നു അറിയിച്ചു.

രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ കൂടാതെ പ്രായമായവർക്കും, ഗർഭിണികൾക്കും, മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും ഈ പരിശോധന സൗജന്യമായിരിക്കും. ഈ വിഭാഗങ്ങളിൽ പെടാത്തവർക്ക് പരിശോധനയ്ക്കായി 370 ദിർഹം ഈടാക്കുന്നതാണ്.

അബുദാബിയിലെ പൊതു രംഗത്തെയും, സ്വകാര്യ മേഖലയിലെയും ആശുപത്രികൾ, ക്ലിനിക്കുകൾ, SEHA-യുടെ കീഴിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ COVID-19 ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഈ പരിശോധനകൾ നടത്താവുന്നതാണ്.

കൊറോണാ വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് COVID-19 ടെസ്റ്റിംഗ് എന്നും, സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമായ ഒരു നടപടിയാണിത് എന്നും ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഈ സേവനം എത്തിക്കുന്നതിനും, അതിലൂടെ COVID-19 പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനും ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതായി അധികൃതർ അറിയിച്ചു.