ഒമാൻ: COVID-19 വാക്സിനേഷൻ ഡിസംബർ 27 മുതൽ ആരംഭിക്കും; ആദ്യ കുത്തിവെപ്പ് ആരോഗ്യവകുപ്പ് മന്ത്രി സ്വീകരിക്കും

GCC News

രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ നടപടികൾ ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു. ഡിസംബർ 21-ന് രാത്രിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ഉപയോഗിക്കുന്നതിനുള്ള 15600 ഡോസ് വാക്സിൻ അടങ്ങിയ ആദ്യ ബാച്ച് വ്യാഴാഴ്ച്ച ഒമാനിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്സിനേഷൻ നടപടികൾ ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിനാണ് ഒമാനിൽ നിലവിൽ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ പകർച്ചവ്യാധി നിയന്ത്രണ വകുപ്പ് ഡയറക്ടർ ബദ്ർ ബിൻ സൈഫ് അൽ റവാഹി ആദ്യ ബാച്ച് COVID-19 വാക്സിൻ ഡിസംബർ 23, ബുധനാഴ്ച്ച ഒമാനിലെത്തുമെന്ന് അറിയിച്ചിരുന്നു.

ഡിസംബർ 27-ന് ആരംഭിക്കുന്ന വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഡോ. അഹ്‌മദ്‌ അൽ സൈദി ആദ്യ കുത്തിവെപ്പ് സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തുടർന്ന് മുൻഗണനാ ക്രമപ്രകാരം പ്രായമായവർ, പ്രമേഹം, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധത്തിന്റെ മുൻനിര പ്രവർത്തകർ തുടങ്ങിയ വിഭാഗങ്ങൾക്ക് വാക്സിൻ കുത്തിവെപ്പ് നൽകുന്നതാണ്.

“ഈ വാക്സിൻ സംബന്ധിച്ച സുരക്ഷയെ കുറിച്ച് വ്യക്തിപരമായി എനിക്ക് വിശ്വാസമുള്ളതിനാൽ, ഒമാനിൽ ആദ്യ കുത്തിവെപ്പ് ഞാൻ സ്വീകരിക്കുന്നതാണ്. ഞായറാഴ്ച്ച രാവിലെ മുതൽ ഒമാനിലെ വാക്സിനേഷൻ പ്രവർത്തങ്ങൾ ആരംഭിക്കുന്നതാണ്.”, ഡോ. അൽ സൈദി വ്യക്തമാക്കി.