2023 അറേബ്യൻ സ്റ്റഡീസ് സെമിനാറിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) എമിറേറ്റിൽ നടത്തിയ ഉല്ഖനനപ്രവർത്തനങ്ങളുടെ പഠനഫലങ്ങൾ അവതരിപ്പിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 ഓഗസ്റ്റ് 4 മുതൽ 6 വരെ ഡെന്മാർക്കിൽ വെച്ച് നടന്ന ഈ സെമിനാറിൽ അബുദാബിയിലെ പുരാവസ്തുശാസ്ത്രസംബന്ധിയായ കണ്ടെത്തലുകളെക്കുറിച്ചുള്ള മൂന്ന് പ്രബന്ധങ്ങളാണ് DCT അവതരിപ്പിച്ചത്.
അറേബ്യൻ ഉപദ്വീപുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അന്താരാഷ്ട്ര സെമിനാർ.
പുരാവസ്തുശാസ്ത്രം, ചരിത്രം, പുരാതന ലിഖിതങ്ങളുടെ പഠനം, ഭാഷ, സാഹിത്യം, കല, വംശീയശാസ്ത്രം, ഭൂമിശാസ്ത്രം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങളും, പ്രഭാഷണങ്ങളും ഈ സെമിനാറിൽ ഉൾപ്പെടുത്തിയിരുന്നു.
DCT അബുദാബി സാസ് അൽ നഖൽ ദ്വീപിൽ (മുമ്പ് ഉമ്മു അൻ-നാർ ദ്വീപ് എന്നറിയപ്പെട്ടിരുന്നു) അടുത്തിടെ നടത്തിയ പഠനങ്ങളുടെ ഫലങ്ങൾ ഈ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു.
ഘാഘ ദ്വീപിൻ്റെ വടക്കൻ തീരത്ത് ഒരു വലിയ കുന്നിനുള്ളിൽ കണ്ടെത്തിയ നിയോലിത്തിക്ക് ശിലായുഗത്തിലെ കുഴികളെയും അടുപ്പുകളെയും കുറിച്ചായിരുന്നു രണ്ടാമത്തെ പ്രബന്ധം. അൽ ഐനിലെ 150-ലധികം സ്ഥലങ്ങളിൽ DCT അബുദാബി നടത്തിയ അഫ്ലാജ് (ഭൂഗർഭ ജല ചാലുകൾ) കണ്ടെത്തലുകളെ കേന്ദ്രീകരിച്ചായിരുന്നു മൂന്നാമത്തെ പ്രബന്ധം.
WAM