ബഹ്‌റൈൻ: പള്ളികളിൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കുന്നത് നവംബർ 8-ലേക്ക് നീട്ടി

GCC News

ബഹ്‌റൈനിലെ പള്ളികളിൽ ദുഹ്ർ നമസ്കാരത്തിനായി (മദ്ധ്യാഹ്ന നമസ്കാരം) വിശ്വാസികളെ പ്രവേശിപ്പിക്കുന്ന തീരുമാനം നടപ്പിലാക്കുന്നത് ഒരാഴ്ച്ചത്തേക്ക് നീട്ടിയതായി ജസ്റ്റിസ്, ഇസ്ലാമിക് അഫയേഴ്‌സ് ആൻഡ് എന്ഡോവ്മെന്റ് മിനിസ്ട്രി അറിയിച്ചു. രാജ്യത്തെ പള്ളികളിൽ നവംബർ 1, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈനിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് (SCIA) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

എന്നാൽ പള്ളികളിലെത്തുന്ന വിശ്വാസികളുടെ സംരക്ഷണത്തിനാവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനായാണ്, ഈ തീരുമാനം നടപ്പിലാക്കുന്നത് നീട്ടി വെക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. മുഴുവൻ പള്ളികളിലും ആവശ്യമായ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതാണ്. ഈ പുതിയ തീരുമാനത്തോടെ നവംബർ 8, ഞായറാഴ്ച്ച മുതൽ ദുഹ്ർ നമസ്കാരത്തിനായി വിശ്വാസികൾക്ക് പള്ളികളിൽ പ്രവേശനം നൽകുന്നതാണ്.

ബഹ്‌റൈനിലെ COVID-19 പ്രതിരോധത്തിന് നേതൃത്വം നൽകുന്ന നാഷണൽ ടാസ്ക്ഫോഴ്‌സിന്റെ നിർദ്ദേശപ്രകാരമുള്ള അണുനശീകരണ നടപടികൾ പള്ളികളിൽ SCIA നടപ്പിലാക്കുന്നതാണ്.