ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ഇരു ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിക്കാനുള്ള നിർദ്ദേശത്തിന് ഔദ്യോഗികമായി അംഗീകാരം നൽകിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഫെബ്രുവരി 23, ചൊവ്വാഴ്ച്ച വൈകീട്ടാണ് DHA ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
“ഓക്സ്ഫോർഡ് ആസ്ട്രസെനേക്കാ COVID-19 വാക്സിൻ സംബന്ധിച്ച് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങൾ പ്രകാരവും, ലോകാരോഗ്യ സംഘടന മുന്നോട്ട് വെച്ചിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരവും, ആസ്ട്രസെനേക്കാ COVID-19 വാക്സിനിന്റെ ആദ്യത്തെയും, രണ്ടാമത്തെയും ഡോസ് കുത്തിവെപ്പുകൾ തമ്മിലുള്ള ഇടവേള 10 ആഴ്ച്ചയാക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു.”, DHA പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ആദ്യത്തെയും, രണ്ടാമത്തെയും ഡോസ് വാക്സിൻ കുത്തിവെപ്പുകൾ തമ്മിലുള്ള ഇടവേള കൂട്ടുന്നത് വാക്സിനിന്റെ സഫലത കൂട്ടുന്നതിന് ഇടയാക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇത് വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കുന്നവരിൽ കൊറോണ വൈറസിനെതിരെ ഉയർന്ന രോഗപ്രതിരോധ ശേഷി നേടുന്നതിന് സഹായിക്കുമെന്നും DHA വ്യക്തമാക്കി.
Cover Photo: WAM