ദുബായ് വേൾഡ് ട്രേഡ് സെന്ററിലെത്തുന്ന (DWTC) സന്ദർശകർക്കായി COVID-19 ടെസ്റ്റിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആരംഭിച്ചതായി എമിറേറ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. DHA-യിലെ ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് വിഭാഗം CEO ഡോ. ഫരീദ അൽ ഖാജയെ ഉദ്ധരിച്ച് കൊണ്ടാണ് എമിറേറ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
DWTC-യിലെ സ്ഥാപനങ്ങളിലെ ജീവനക്കാർ, DWTC-യിൽ വെച്ച് സംഘടിപ്പിക്കുന്ന പ്രദർശനങ്ങൾ, അന്താരാഷ്ട്ര സമ്മേളനങ്ങൾ മുതലായവയിൽ പങ്കെടുക്കുന്നവർ, സന്ദർശകർ മുതലായവർക്ക് COVID-19 പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യങ്ങൾ DHA നൽകി വരുന്നതായി ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി. എമിറേറ്റിലുടനീളം കൊറോണ വൈറസ് പരിശോധനകൾ സുഗമമായി ലഭ്യമാക്കുന്നതിനുള്ള DHA-യുടെ നയത്തിന്റെ ഭാഗമായാണ് DWTC-യിൽ ഈ സേവനം നൽകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
സെപ്റ്റംബറിൽ അൽ റാഷിദിയ മജ്‌ലിസ്, അൽ ഹംരിയ പോർട്ട് മജ്‌ലിസ്, ജുമേയ്‌റ 1 പോർട്ട് മജ്‌ലിസ് എന്നിവിടങ്ങളിൽ DHA ഇത്തരത്തിലുള്ള പരിശോധനാ സേവനങ്ങൾ ആരംഭിച്ചിരുന്നു. പ്രതിദിനം 550 ടെസ്റ്റുകൾ വീതം ഇത്തരം കേന്ദ്രങ്ങളിൽ നടത്താവുന്നതാണ്. ദുബായിലെ പൊതു, സ്വകാര്യ മേഖല സേവനദാതാക്കളിൽ നിന്നായി പ്രതിദിനം 80000-ത്തിൽ പരം COVID-19 PCR ടെസ്റ്റുകൾ നടത്താനുള്ള ശേഷി കൈവരിച്ചതായും ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി.
WAM