ഖത്തർ: ജനുവരി 18 മുതൽ ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനം

Qatar

2022 ജനുവരി 18, ചൊവ്വാഴ്ച്ച മുതൽ ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലേക്ക് കുട്ടികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കൾച്ചർ അറിയിച്ചു. ജനുവരി 17-ന് രാത്രിയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം 2022 ജനുവരി 18 മുതൽ പുസ്തകമേള അവസാനിക്കുന്ന തീയതിയായ ജനുവരി 22 വരെ കുട്ടികൾക്ക് മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 9 മണിവരെയാണ് കുട്ടികൾക്ക് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

പുസ്തകമേളയിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആകെ സന്ദർശകരുടെ പതിനഞ്ച് ശതമാനം കുട്ടികളെ ഒരേസമയം വേദിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയിലാണ് ഈ അനുമതി നൽകിയിരിക്കുന്നത്. രക്ഷിതാക്കളോടോപ്പമോ, വിദ്യാലയങ്ങളിൽ നിന്ന് സ്‌കൂൾ അധികൃതർക്കൊപ്പമോ എത്തുന്ന കുട്ടികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഒരേസമയം ആകെ 2000 സന്ദർശകരെയാണ് ദോഹ ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് പ്രവേശിപ്പിക്കുന്നത്.

ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 3 മണിമുതൽ രാത്രി 10 വരെയുമാണ് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയറിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകുന്നത്. മേളയിലേക്കുള്ള പ്രവേശനം മുൻ‌കൂർ ബുക്കിങ്ങിന് അനുസരിച്ച് നിയന്ത്രിച്ചിട്ടുണ്ട്.

മുപ്പത്തൊന്നാമത് ദോഹ ഇന്റർനാഷണൽ ബുക്ക്ഫെയർ 2022 ജനുവരി 13-ന് ഖത്തർ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ H.E. ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽഅസീസ് അൽ അൽ താനി ഉദ്‌ഘാടനം ചെയ്തിരുന്നു. മേളയുടെ ആദ്യ ദിനങ്ങളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.