ഖത്തർ: ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് അറിയിപ്പ്

Qatar

കോർണിഷ് റോഡിലെ ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, 2021 ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ദോഹ മെട്രോ പ്രവർത്തിക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. വൈകീട്ട് 2 മണി മുതൽ രാത്രി 11:59 വരെയാണ് ഓഗസ്റ്റ് 6-ന് ദോഹ മെട്രോ പ്രവർത്തിപ്പിക്കുന്നത്.

നിർമ്മാണപ്രവർത്തനങ്ങൾക്കായി ഓഗസ്റ്റ് 6-ന് 12:00am മുതൽ ഓഗസ്റ്റ് 10-ന് 5am വരെ കോർണിഷ് റോഡിൽ ഇരുവശത്തേക്കും ഗതാഗതം നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഓഗസ്റ്റ് 6, വെള്ളിയാഴ്ച്ച ഉൾപ്പടെ കോർണിഷ് റോഡിലെ താത്‌കാലിക ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന മുഴുവൻ ദിനങ്ങളിലും ദോഹ മെട്രോയുടെ 37 സ്റ്റേഷനുകളും തുറന്ന് പ്രവർത്തിക്കുമെന്നും, യാത്രികർക്ക് മെട്രോ സേവനങ്ങൾ നൽകുമെന്നും ഖത്തർ റെയിൽ അറിയിച്ചത്.

ഈ കാലയളവിൽ മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ്സ് സേവനങ്ങളും പതിവ് പോലെ പ്രവർത്തിക്കുമെന്നും ഖത്തർ റെയിൽ അറിയിച്ചു. ഏതാനം ഇത്തരം ബസ് റൂട്ടുകൾ ഗഗതാഗത തടസങ്ങൾക്കനുസരിച്ച് മെട്രോ സ്റ്റേഷനുകളിലേക്ക് എത്തിച്ചേരുന്ന രീതിയിൽ വഴിതിരിച്ച് വിടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മെട്രോ സംവിധാനങ്ങൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപണികൾക്കായി, 2021 ജൂലൈ 9 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഖത്തർ റെയിൽ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കോർണിഷ് റോഡിലെ ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് ഓഗസ്റ്റ് 6-ന് മെട്രോ പ്രവർത്തിപ്പിക്കാനും, തുടർന്ന് വരുന്ന രണ്ട് വെള്ളിയാഴ്ച്ചകളായ ഓഗസ്റ്റ് 13, ഓഗസ്റ്റ് 20 എന്നീ ദിനങ്ങളിൽ മെട്രോ അടച്ചിടാനും അധികൃതർ ഇപ്പോൾ തീരുമാനിച്ചിട്ടുണ്ട്.