6.6 ബില്യൺ ദിർഹത്തിന്റെ പുതിയ പദ്ധതികൾ; വികസനക്കുതിപ്പിനൊരുങ്ങി ദുബായ്

GCC News

പരിസ്ഥിതി സംരക്ഷണത്തിൽ ഊന്നിയുള്ള സുസ്ഥിര വികസന നയങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി, ഏതാനം നൂതനമായ പദ്ധതികൾക്ക് രൂപം നൽകാൻ തീരുമാനിച്ചതായി ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. ഒക്ടോബർ 31-ന് ഇത് സംബന്ധിച്ച തീരുമാനങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. ദുബായ് മുൻസിപ്പാലിറ്റിയുടെ കീഴിൽ നടപ്പിലാക്കാനൊരുങ്ങുന്ന 6.6 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ അവലോകനം ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്ക് വെച്ചത്.

പുതിയതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഈ പദ്ധതികളിലെല്ലാം പരിസ്ഥിതി സുസ്ഥിരത പ്രതിഫലിക്കുന്ന നയങ്ങൾ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എമിറേറ്റിലെ വാണിജ്യ, പാർപ്പിട മേഖലകളിൽ, 8 മില്യൺ സ്‌ക്വയർ മീറ്റർ സസ്യങ്ങളും മറ്റും നിറഞ്ഞ പച്ചപ്പുള്ള തുറന്ന ഇടങ്ങളും, പാർക്കുകളും പുതിയതായി സൃഷ്ടിക്കുന്ന, ഏതാണ്ട് 2 ബില്യൺ ദിർഹം മൂല്യം വരുന്ന 29 വികസന പദ്ധതികൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനു പുറമെ ഏതാണ്ട് 4 ബില്യൺ ദിർഹം ചെലവ് വരുന്ന, എമിറേറ്റിലെ മാലിന്യങ്ങളിൽ നിന്ന് ഊർജ്ജോത്പാദനത്തിനുള്ള മറ്റൊരു പദ്ധതിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം ഏതാണ്ട് 1000 ട്രക്ക് മാലിന്യം ഉൾക്കൊള്ളാവുന്ന ഇത്തരം ഒരു പദ്ധതിയിൽ നിന്ന് ഒന്നേകാൽ ലക്ഷത്തിൽ പരം വീടുകളിലേക്കുള്ള ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ദുബായിലെ വർസാൻ മേഖലയിലാണ് ഈ പദ്ധതി ഒരുങ്ങുന്നത്. ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ മാലിന്യ സംസ്കരണ പദ്ധതിയായിരിക്കും ഇതെന്നാണ് കരുതുന്നത്. 2023-ഓടെ ഈ പദ്ധതിയുടെ ആദ്യ ഘട്ടവും, 2024-ൽ പദ്ധതി മുഴുവനായും പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

“ദുബായ് ഒരു നിർമ്മലമായ നഗരമാണ്. അവിടെ ഉപയോഗിക്കുന്ന ഊർജ്ജം, നഗര ചുറ്റുപാടുകൾ, ഊർജ്ജോത്പാദന മാർഗ്ഗങ്ങൾ എന്നിവയും നിർമ്മലമാകണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്.”, ഈ പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം അറിയിച്ചു. “പരിസ്ഥിതിയുടെ നിർമ്മലത നിലനിർത്തിക്കൊണ്ടുള്ള വികസന പദ്ധതികളാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഇത്തരം വികസന നയങ്ങളിലൂടെ നിലവിലും, ഭാവിയിലും ഉയർന്ന ജീവിത നിലവാരം ഉറപ്പാക്കുന്ന പദ്ധതികൾ.”, അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതോടൊപ്പം തന്നെ അൽ മംസാർ ബീച്ച് മുതൽ ഉം സുഖെയ്മ് 2 വരെയുള്ള ഒരു ദശലക്ഷം സ്‌ക്വയർ മീറ്റർ കടൽത്തീരത്തിന്റെ വികസനത്തിനായുള്ള 500 മില്യൺ ദിർഹം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ വിവരങ്ങളും, 100 മില്യൺ നിക്ഷേപം ആവശ്യമായി വരുന്ന റാസ് അൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതിയുടെ വിവരങ്ങളും അദ്ദേഹം വിശകലനം ചെയ്തു.