അതുല്യമായ പ്രവർത്തനങ്ങളുമായി ദുബായ് ആർട്ട് സീസൺ തിരിച്ചെത്തുന്നു

GCC News

ദുബായ് ആർട്ട് സീസൺ (DAS) 2022-ന്റെ ഭാഗമായി ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അതുല്യമായ ഏതാനം കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി അറിയിച്ചു. ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ചെയർപേഴ്‌സൺ ഷെയ്‌ഖ ലതീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ രക്ഷാകർതൃത്വത്തിലാണ് ഈ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നത്.

2022 ഫെബ്രുവരി 1-നാണ് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിനെ ഒരു ഓപ്പൺ ആർട്ട് എക്‌സിബിഷനാക്കി മാറ്റിക്കൊണ്ട് ‘ടേക്ക് എ വാക്ക് ഓൺ ദി ആർട്ട് സൈഡ്’ എന്ന പ്രമേയത്തിൽ ദുബായിലുടനീളം സൃഷ്‌ടിപരമായ സംരംഭങ്ങൾ, പരിപാടികൾ എന്നിവ അരങ്ങേറുന്നതാണ്. ഈ വിശിഷ്‌ടമായ കലാ പ്രദർശനങ്ങൾ ആസ്വദിക്കുന്നതിനായി അതോറിറ്റി പൗരന്മാരെയും, പ്രവാസികളെയും, സന്ദർശകരെയും സ്വാഗതം ചെയ്തിട്ടുണ്ട്.

യു എ ഇയിലെയും, മേഖലയിലെയും, ആഗോളതലത്തിലെയും കലാകാരന്മാരുടെ പങ്കാളിത്തം എമിറേറ്റിന്റെ അഭിവൃദ്ധി പ്രാപിക്കുന്ന കലാരംഗത്തെ കൂടുതൽ സമ്പന്നമാക്കുന്നതാണ്. രണ്ട് മാസത്തെ കാലയളവിൽ സംഘടിപ്പിക്കുന്ന DAS 2022 എന്ന സമഗ്രമായ കലാ-സാംസ്‌കാരിക ഉത്സവം എമിറേറ്റ്‌സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറോടെ ആരംഭിക്കുന്നതാണ്. ഫെബ്രുവരി 3 മുതൽ 13 വരെ അൽ ഹബ്‌തൂർ സിറ്റി ഹോട്ടൽസിൽ വെച്ചാണ് എമിറേറ്റ്‌സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചർ സംഘടിപ്പിക്കുന്നത്. എമിറാറ്റി സാഹിത്യത്തിന്റെ സമ്പന്നതയിലേക്ക് വെളിച്ചം വീശുന്നതായിരിക്കും ദുബായ് കൾച്ചറുമായി സഹകരിച്ച് നടത്തുന്ന ഈ ഫെസ്റ്റിവൽ.

Source: Dubai Media Office.

DAS 2022-ന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ എക്‌സിബിഷനും സാംസ്‌കാരിക സമ്മേളനവുമായ എക്‌സ്‌പോ 2020 ദുബായ് വേദിയിലും കലാ സാംസ്‌കാരിക ആഘോഷങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറുന്നതാണ്. ഇതിന്റെ ഭാഗമായി പോളണ്ട് പവലിയനിൽ യുവ പിയാനിസ്റ്റുകൾ പോളിഷ് സംഗീതജ്ഞൻ ഫ്രഡറിക് ചോപ്പിന്റെ സൃഷ്ടികൾ പുനരുജ്ജീവിപ്പിക്കുന്നതാണ്. ന്യൂസിലാൻഡ് പവലിയനിലെ ഡിജിറ്റൽ ആർട്ട് വാളിൽ അവതരിപ്പിക്കുന്ന ന്യൂസിലൻഡിൽ നിന്നുള്ള 120 കലാസൃഷ്ടികളിൽ ഒന്നിനെ തിരഞ്ഞെടുക്കാനും, അഭിപ്രായം രേഖപ്പെടുത്തുന്നതിനും സന്ദർശകർക്ക് അവസരം ലഭിക്കുന്നതാണ്.

ദുബായ് കൾച്ചറിന്റെ മുൻനിര സംരംഭങ്ങളിലൊന്നായ സിക്ക ആർട്ട് ആന്റ് ഡിസൈൻ ഫെസ്റ്റിവലിന്റെ പത്താം പതിപ്പ് മാർച്ച് 15 മുതൽ 24 വരെ അൽ ഫാഹിദി ഹിസ്റ്റോറിക്കൽ നൈബർഹുഡിൽ അരങ്ങേറുന്നതാണ്. ഇതിന്റെ ഭാഗമായി യു എ ഇ, ജിസിസി എന്നിവിടങ്ങളിൽ നിന്നുള്ള വളർന്നുവരുന്ന പ്രതിഭകളുടെ പങ്കാളിത്തത്തോടെ ദൃശ്യകലകൾ, നാടകം, സംഗീതം, സിനിമ, ആലാപനം എന്നിവ ഉൾപ്പടെ വിവിധ കലാരൂപങ്ങൾ സംഘടിപ്പിക്കുന്നതാണ്.

Source: Dubai Media Office.

ലോകമെമ്പാടുമുള്ള സമകാലികവും ആധുനികവുമായ കലകൾ പ്രദർശിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രമുഖ അന്താരാഷ്‌ട്ര കലാമേളയായ ആർട്ട് ദുബായിയും ഈ സീസണിന്റെ പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള കലാപ്രേമികൾ ദുബായിൽ ഒത്തുചേരുന്ന ഈ പരിപാടിയിൽ മാർച്ച് 11 മുതൽ 13 വരെ മദീനത്ത് ജുമൈറയിൽ നടക്കുന്ന നിരവധി ശിൽപശാലകളും പ്രഭാഷണങ്ങളും പരിപാടികളും അവതരിപ്പിക്കുന്നു. പ്രദർശനത്തിന്റെ ഈ വർഷത്തെ പതിപ്പിൽ ഡിജിറ്റൽ, ക്രിപ്‌റ്റോ കലകളുടെ ലോകം പര്യവേക്ഷണം ചെയ്യുന്ന ഒരു പ്രത്യേക വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്.

WAM