എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒരു ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. ലോക സമുദ്ര ദിനത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം പങ്ക്വെച്ചത്.
ദുബായിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെയാണ് ഒരു ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കുക എന്ന നേട്ടം കൈവരിക്കാനായതെന്ന് ദുബായ് ക്യാൻ അധികൃതർ വ്യക്തമാക്കി.
നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് 2022 ഫെബ്രുവരിയിൽ തുടക്കമിട്ടിരുന്നു. എമിറേറ്റിലെ നിവാസികൾകളുടെയും, സന്ദർശകരുടെയും ഇടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതി ദുബായിൽ വിജയം കണ്ടതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ദുബായിലെ പൊതുസമൂഹത്തിനിടയിലും, എമിറേറ്റിലെ വാണിജ്യമേഖലയിലും വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുടിവെള്ളക്കുപ്പികളുടെ ഉപയോഗം ഒരു ശീലമാക്കുന്നതിന്റെയും, പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെയും, വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുന്നതിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ഈ പദ്ധതി, അതിലൂടെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ആഹ്വാനം ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള വിവിധ വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.