ദുബായ് ക്രോക്കോഡൈൽ പാർക്ക് 2023 ഏപ്രിൽ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 2023 ഏപ്രിൽ 13-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
മുശ്രിഫ് നാഷണൽ പാർക്കിന് സമീപത്തായാണ് ദുബായ് ക്രോക്കോഡൈൽ പാർക്ക് ഒരുക്കിയിരിക്കുന്നത്. ഈദ് അവധിദിനങ്ങൾ ആരംഭിക്കുന്നതിന് തൊട്ട് മുൻപായാണ് ദുബായ് ക്രോക്കോഡൈൽ പാർക്ക് തുറക്കുന്നത്.
വിവിധ പ്രായത്തിലുള്ള 250-ൽ പരം നൈൽ മുതലകൾ ഉള്ള ദുബായ് ക്രോക്കോഡൈൽ പാർക്ക് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കാണ്. സന്ദർശകർക്ക് മുതലകളുടെ ജീവിതരീതികൾ അടുത്ത് കണ്ട് മനസ്സിലാക്കുന്നതിന് ദുബായ് ക്രോക്കോഡൈൽ പാർക്ക് അവസരമൊരുക്കുന്നു.
ഇരുപതിനായിരം സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള ഈ കേന്ദ്രം മുതലകൾക്ക് ഏറ്റവും ഉചിതമായ ആവാസവ്യവസ്ഥ ഒരുക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. സന്ദർശകർക്ക് സുരക്ഷിതമായി മുതലകളെ അവയുടെ ആവാസവ്യവസ്ഥയിൽ കണ്ടറിയുന്നതിന് ഇവിടെ സാധിക്കുന്നതാണ്.
ഒരു നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ആഫ്രിക്കൻ തടാകത്തിന്റെ പ്രമേയത്തിൽ ഒരുക്കിയിട്ടുള്ള അക്വേറിയം, വിശാലമായ ഔട്ഡോർ ഏരിയ, ഭക്ഷണശാലകൾ മുതലായവയും ഈ കേന്ദ്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദിനവും രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയാണ് ഈ പാർക്കിലേക്ക് പ്രവേശനം അനുവദിക്കുന്നത്. 95 ദിർഹമാണ് (3 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് 75 ദിർഹം) പാർക്കിലേക്ക് പ്രവേശിക്കുന്നതിനുള്ള ടിക്കറ്റ് നിരക്ക്.
Cover Image: Dubai Media Office.