ഒമാനിൽ 4 പേർക്ക് കൂടി COVID-19

GCC News

നാല് പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു. ഇതോടെ ഒമാനിൽ COVID-19 ബാധിച്ചവരുടെ എണ്ണം 52 ആയി.

നിലവിൽ രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ഒമാൻ പൗരന്മാരാണ്. ഇതിൽ രണ്ട് പേർ ബ്രിട്ടണിൽ നിന്നും സ്പെയിനിൽ നിന്നും യാത്ര ചെയ്തു വന്നവരും, രണ്ട് പേർ മുൻപ് രോഗം സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരുമാണ്. ഒമാനിൽ ഇതുവരെ 13 പേർ രോഗബാധയിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്.

ജനങ്ങളോട് അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാൻ ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിനായി കർശനമായ നടപടികളാണ് നിലവിൽ ഒമാനിൽ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും താത്കാലികമായി നിർത്തലാക്കുകയും, രാജ്യത്തേക്കുള്ള സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.