2024-2027 മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാൻ ദുബായ് കിരീടാവകാശി അവലോകനം ചെയ്തു

featured GCC News

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ (RTA) 2024-2027 മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാൻ ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവലോകനം ചെയ്തു. 16 ബില്യൺ മൂല്യമുള്ളതാണ് ഈ പദ്ധതി.

ദുബായിലെ ഗതാഗത സംവിധാനങ്ങൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 2024-2027 മെയിൻ റോഡ്സ് ഡെവലപ്മെന്റ് പ്ലാനിന്റെ ഭാഗമായി ദുബായിലെ റോഡ് ശൃംഖലയിൽ 22 പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതാണ്.

ഇതിന് പുറമെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതും, ട്രാഫിക് നിയന്ത്രണത്തിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തുന്നതും ഉൾപ്പടെയുള്ള പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു.

Source: Dubai Media Office.

അവലോകനത്തിന്റെ ഭാഗമായി 2006 മുതൽ ഇതുവരെയുള്ള കാലയളവിൽ ദുബായിൽ ഗതാഗത മേഖലയിൽ വന്നിട്ടുള്ള പുരോഗതികൾ അദ്ദേഹം വിലയിരുത്തി. നിലവിൽ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ദിനംപ്രതി ഏതാണ്ട് 2.2 ദശലക്ഷം പേർക്ക് യാത്രാ സേവനങ്ങൾ നൽകിവരുന്നുണ്ട്.

ദുബായിലെ റോഡ് ശൃംഖല ഈ കാലയളവിൽ 8,715 ലേൻ കിലോമീറ്ററിൽ നിന്ന് 18,990 ലേൻ കിലോമീറ്റർ എന്ന രീതിയിലേക്ക് വികസിച്ചിട്ടുണ്ട്. 117 ശതമാനം വളർച്ചയാണിത്.

ജുമേയ്‌റാഹ്, അൽ സുഫൊഹ്, മറീന തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ട് കൂടുതൽ സൈക്ലിംഗ് പാതകൾ ഒരുക്കുന്നതിന് തയ്യാറാകുന്നതായി RTA വ്യക്തമാക്കിയിട്ടുണ്ട്. ഈ പാതകൾ അൽ ഖുദ്റ, സൈഹ് അൽ സലാം, നാഥ്‌ അൽ ശേബ തുടങ്ങിയ ഇടങ്ങളിലെ പാതകളുമായി അൽ ബർഷാ, ദുബായ് ഹിൽസ് എന്നീ മേഖലകളിലൂടെ ബന്ധിപ്പിക്കുന്നതാണ്.