എമിറേറ്റിലെ പുരാവസ്തു ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്നതിനുള്ള ധാരണാപത്രത്തിൽ ദുബായ് കൾച്ചറും ഖലീഫ സർവകലാശാലയും ഒപ്പ് വെച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദുബായിലെ പുരാവസ്തു ഉത്ഖനനങ്ങളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിനുമായുള്ള ധാരണാപത്രത്തിലാണ് ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റിയും ഖലീഫ സയൻസ് ആൻഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റിയും ഒപ്പ് വെച്ചിരിക്കുന്നത്.
സറൂഖ് അൽ ഹദീദ്, അൽ അഷൂഷ് സൈറ്റുകളിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും ഇതിലൂടെ ഇവിടെ നിന്നുള്ള കണ്ടെത്തലുകളെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ശക്തിപ്പെടുത്താനും കരാർ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഖനന പ്രവർത്തനങ്ങളിൽ ഖലീഫ സർവകലാശാലയിലെ ശാസ്ത്രജ്ഞരും ഗവേഷകരും വികസിപ്പിച്ചെടുത്ത റിമോട്ട് സെൻസിംഗ് സാറ്റലൈറ്റ് സാങ്കേതികവിദ്യയും നൂതന ജിയോഫിസിക്കൽ സർവേ ടെക്നിക്കുകളും ഉപയോഗിക്കുന്നതാണ്.
ഇത് സറൂഖ് അൽ ഹദീദ്, അൽ അഷൂഷ് സൈറ്റുകളിൽ മണ്ണ് മൂടിക്കിടക്കുന്ന നിർമ്മിതികൾ, ശവകുടീരങ്ങൾ തുടങ്ങിയവ കണ്ടെത്തുന്നതിന് ഏറെ സഹായകമാകും. ഇവിടെ നിന്നുള്ള കണ്ടെത്തലുകളുടെ ത്രിമാന മാതൃകകൾ സൃഷ്ടിക്കുന്നതിനും അവയെ അവയുടെ പുരാവസ്തു, പാരിസ്ഥിതിക സന്ദർഭങ്ങളിൽ സ്ഥാപിക്കുന്നതിനും വിപുലമായ പ്രോസസ്സിംഗ് ടെക്നിക്കുകൾ പ്രയോഗിക്കുന്നതാണ്.
ഖലീഫ യൂണിവേഴ്‌സിറ്റിയുമായുള്ള ഈ സഹകരണം സറൂഖ് അൽ ഹദീദ്, അൽ അഷൂഷ് സൈറ്റുകളുടെ സമ്പന്നമായ ചരിത്രം കണ്ടെത്താനുള്ള ശ്രമങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
WAM [Cover Image: Dubai Media Office.]