ദുബായ്: ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ പങ്ക് വെക്കുന്നത് ഒഴിവാക്കാൻ DHA നിർദ്ദേശം നൽകി

featured GCC News

വ്യക്തികൾ തങ്ങളുടെ ഹെൽത്ത് റെക്കോർഡുകൾ ഓൺലൈനിൽ അലക്ഷ്യമായി പങ്ക് വെക്കുന്നത് ഒഴിവാക്കണമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആഹ്വാനം ചെയ്തു.

വ്യക്തികളുടെ ആരോഗ്യ വിവരങ്ങൾ പലതരത്തിലുളള സൈബർ കുറ്റകൃത്യങ്ങൾക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ഓൺലൈനിൽ ഇവ പങ്ക് വെക്കുന്നതിന് മുൻപായി ജാഗ്രത പുലർത്താൻ എമിറേറ്റിലെ നിവാസികളോട് DHA ആവശ്യപ്പെട്ടിട്ടുണ്ട്.

ഓൺലൈനിൽ ആരോഗ്യ വിവരങ്ങൾ നൽകുന്നതിനായി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കരുതെന്ന് DHA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓൺലൈൻ ഹെൽത്ത് റെക്കോർഡുകളും, മെഡിക്കൽ വിവരങ്ങളും പങ്ക് വെക്കുന്ന സാഹചര്യങ്ങളിൽ പുലർത്താവുന്ന സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് DHA അറിയിപ്പ് നൽകിയിട്ടുണ്ട്:

  • ഹെൽത്ത് റെക്കോർഡുകളുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ സുരക്ഷിതമാക്കുന്നതിനായി ശക്തമായ പാസ്സ്‌വേർഡുകൾ ഉപയോഗിക്കേണ്ടതാണ്. വിവിധ സൈറ്റുകളിൽ ഒരേ പാസ്‌വേഡ് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • അധിക സുരക്ഷ എന്ന രീതിയിൽ ടു ഫാക്ടർ ഓതെന്റിക്കേഷൻ (2FA) പ്രയോഗക്ഷമമാക്കേണ്ടതാണ്.
  • വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലും മറ്റും ആരോഗ്യ വിവരങ്ങൾ പങ്ക് വെക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • നിങ്ങളുടെ ഹെൽത്ത് അക്കൗണ്ടുകളിൽ സംശയകരമായ ലോഗിൻ, അനധികൃതമായ ഉപയോഗം എന്നിവ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക. ഇതിനായി ഇത്തരം അക്കൗണ്ടുകൾ പതിവായി പരിശോധിക്കേണ്ടതാണ്.
  • മെഡിക്കൽ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഇമെയിൽ, എസ് എം എസ് സന്ദേശങ്ങൾ തുടങ്ങിയവയ്ക്ക് മറുപടി നൽകുന്നതിന് മുൻപായി അവയുടെ അധികാരികത ഉറപ്പ് വരുത്തേണ്ടതാണ്.