കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്തിട്ടുള്ള മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനായി ഫ്രീ സോൺ മേഖലയിലെ കമ്പനികൾക്ക് പ്രത്യേകമായി സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് രൂപം നൽകിയതായി ദുബായ് ഫ്രീ സോൺസ് കൌൺസിൽ അറിയിച്ചു. ഫ്രീ സോണിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ആറു മാസത്തെ വാടക കാലാവധി നീട്ടിനൽകുന്നതുൾപ്പടെയുള്ള പദ്ധതികൾ നിലവിലെ സാഹചര്യത്തിൽ വളരെ ആശ്വാസകരമാകും. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തനം ഉറപ്പാക്കാനും, അതിലൂടെ സാമ്പത്തിക മേഖലയ്ക്ക് ശക്തിപകരാനും ഈ നടപടികളൂടെ ദുബായ് ഫ്രീ സോൺസ് കൌൺസിൽ ലക്ഷ്യമിടുന്നു. രാജ്യവ്യാപകമായി നിലവിലെ സാമ്പത്തിക മാന്ദ്യത്തെ നേരിടുന്നതിനായി കൈകൊണ്ടിട്ടുള്ള നടപടികളുടെ തുടർച്ചയാണ് ഇപ്പോൾ ദുബായ് ഫ്രീ സോൺസ് കൌൺസിൽ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന പാക്കേജ്.
നിലവിലെ ആഗോള സാഹചര്യങ്ങളിൽ രാജ്യത്തെ സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക മാന്ദ്യത്തിനു മുന്നിൽ പിടിച്ച് നിൽക്കാനും അതിലൂടെ സാമ്പത്തിക രംഗത്തിന്റെ വളർച്ച ഉറപ്പാക്കാനും ഈ നടപടികൾ സഹായമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ദുബായിയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 33 ശതമാനത്തോളം, 45,000 കമ്പനികൾ പ്രവർത്തിക്കുന്ന ദുബായ് ഫ്രീ സോണുമായി ബന്ധപ്പെട്ടിരിക്കുന്നു.
മാർച്ച് 28-നു പ്രഖ്യാപിച്ച പദ്ധതികൾ:
- ഫ്രീ സോണിലെ കമ്പനികൾക്ക് വാടകയിനത്തിൽ 6 മാസത്തെ സാവകാശം നൽകും.
- തിരിച്ചടവുകൾക്ക് മാസം തോറും തവണകളായി നൽകുന്നതിനു വ്യവസ്ഥയുണ്ടാക്കും.
- ഇൻഷുറൻസ് ഇനത്തിലും, ഈട് നൽകിയ ഇനത്തിലുമുള്ള തുകകൾ തിരികെ നൽകും.
- പിഴയിനത്തിലെ തുകകളിൽ ഇളവുകൾ നൽകും.
- ഫ്രീ സോണിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് പ്രത്യേക പിഴകൾ കൂടാതെ തൊഴിലാളികളെ ഫ്രീസോണിലെ മാറ്റുകമ്പനികളിലേക്ക് ജോലിമാറ്റം നൽകി പ്രവർത്തിക്കാനുള്ള അനുമതി ഈ വർഷം മുഴുവൻ നൽകും.