എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിക്കാൻ തീരുമാനം

featured GCC News

എക്സ്പോ 2020 ദുബായ് സന്ദർശിക്കുന്നതിനായി ദുബായിലെ സർക്കാർ ജീവനക്കാർക്ക് ആറ് ദിവസത്തെ പ്രത്യേക അവധി അനുവദിച്ച് കൊണ്ട് ദുബായ് കിരീടാവകാശിയും, ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി. സെപ്റ്റംബർ 27-ന് വൈകീട്ടാണ് അദ്ദേഹം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

ഈ ഉത്തരവ് പ്രകാരം, ദുബായ് സർക്കാർ ജീവനക്കാർക്ക് ശമ്പളത്തോട് കൂടിയുള്ള ആറ് ദിവസത്തെ പ്രത്യേക അവധിയാണ് അനുവദിച്ചിരിക്കുന്നത്. ജീവനക്കാർക്ക് ഈ അവധി 2021 ഒക്ടോബർ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള എക്സ്പോ 2020 നടക്കുന്ന കാലയളവിൽ ഉപയോഗിക്കാവുന്നതാണ്.

ദുബായ് സർക്കാർ ജീവനക്കാർക്ക് എക്സ്പോ വേദി സന്ദർശിക്കുന്നതിനായി, ലോക എക്സ്പോ നടക്കുന്ന കാലയളവിൽ ആകെ ആറ് ദിവസം ഇത്തരത്തിൽ അവധിയായി തിരഞ്ഞെടുക്കാവുന്നതാണ്. കുടുംബാംഗങ്ങളുമായി എക്സ്പോ 2020 വേദി സന്ദർശിക്കുന്നതിനും, ലോക എക്സ്പോയിൽ ഉൾപ്പെടുത്തിയിട്ടുള്ള ആഗോള തലത്തിലുള്ള നൂതന സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും അറിയുന്നതിനും ജീവനക്കാർക്ക് അവസരം നൽകുന്നതിനായാണ് ഈ തീരുമാനം.

“ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങളെ സമന്വയിപ്പിക്കുന്നതിനും, ലോകത്തെ ഒരുമിപ്പിക്കുന്നതിനും, ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അറിവുകൾ, നൂതന ആശയങ്ങൾ, നിര്‍മ്മാണാത്മകമായ ദർശനങ്ങൾ എന്നിവയെ ഒരു കുടക്കീഴിൽ അനുഭവിക്കുന്നതിനും എക്സ്പോ 2020 ദുബായ് എന്ന ചരിത്രപ്രാധാന്യമുള്ള ഈ പ്രദർശനം വേദിയാകുന്നതാണ്. മനസുകളെ ഒരുമിപ്പിക്കുന്നതിനും, അതിലൂടെ ജ്വലിക്കുന്ന ഒരു പുത്തൻ ഭാവി നിർമ്മിച്ചെടുക്കുന്നതിനും എക്സ്പോ 2020-യിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നു.”, H.H. ഷെയ്ഖ് ഹംദാൻ അറിയിച്ചു.

WAM