സ്റ്റിക്കറുകൾ പതിപ്പിച്ചും, മറ്റു രീതികളിലും പാസ്സ്പോർട്ടുകൾ വികൃതമാക്കുന്നതിനെക്കുറിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്രാവൽ ഏജൻസികൾക്ക് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
ട്രാവൽ ഏജൻസികളും മറ്റും ഇന്ത്യൻ പാസ്സ്പോർട്ടുകളിൽ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകൾ പതിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതായി ഇന്ത്യൻ കോൺസുലേറ്റ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഇന്ത്യൻ പാസ്സ്പോർട്ടിന്റെ പുറംചട്ടയിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് വികൃതമാക്കുന്നത് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളുടെ ലംഘനമാണെന്ന് കോൺസുലേറ്റ് കൂട്ടിച്ചേർത്തു.
ഇതിനാൽ എല്ലാ പാസ്പ്പോർട്ട് ഉടമകളും തങ്ങളുടെ പാസ്സ്പോർട്ടുകളിൽ ട്രാവൽ ഏജൻസികളോ, മറ്റു സ്ഥാപനങ്ങളോ ഇത്തരം സ്റ്റിക്കറുകളും മറ്റും പതിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോൺസുലേറ്റ് അറിയിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പാസ്സ്പോർട്ടുകൾ പിടിച്ച് വെക്കുന്ന ഏതാനം സ്‌ഥാപനങ്ങളും പാസ്സ്പോർട്ടുകളിൽ ഇത്തരത്തിൽ സ്റ്റിക്കറുകളും മറ്റും പതിക്കാറുണ്ട്.