എമിറേറ്റിൽ ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്നതിനായി ദുബായ് പ്രത്യേക റോബോട്ടുകളെ വിന്യസിക്കുന്നു. അന്തരീക്ഷ മലിനീകരണം പൂർണ്ണമായും ഒഴിവാക്കുന്നതും, ഡ്രൈവർ ഇല്ലാത്ത സ്മാർട്ട് ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് ഫുഡ് ഡെലിവറി മേഖലയിൽ ‘talabots’ എന്ന പേരിലുള്ള ഈ റോബോട്ടുകളെ അവതരിപ്പിക്കുന്നത്.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA), ദുബായ് ഇന്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി (DIEZ), തലബാത് യു എ ഇ എന്നിവർ സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. സ്വയം പ്രവർത്തിക്കുന്ന റോബോട്ടുകൾ ഉപയോഗിച്ചുള്ള ഈ ഭക്ഷണവിതരണ പദ്ധതിയുടെ പ്രാരംഭഘട്ടം ദുബായ് സിലിക്കൺ ഒയാസിസിൽ ആരംഭിച്ചതായി RTA 2023 ഫെബ്രുവരി 15-ന് അറിയിച്ചിട്ടുണ്ട്.
പ്രാരംഭഘട്ടത്തിൽ ദുബായ് സിലിക്കൺ ഒയാസിസിലെ സെഡർ വില്ലാ റെസിഡന്റ്‌സ് മേഖലയ്ക്കകത്ത് മൂന്ന് ‘talabots’ റോബോട്ടുകളെ ഭക്ഷ്യവിതരണ സേവനങ്ങൾക്കായി വിന്യസിക്കുന്നതാണ്. സെഡർ ഷോപ്പിംഗ് സെന്ററിലെ ലോഞ്ചിങ്ങ് പോയിന്റിൽ നിന്ന് ആരംഭിക്കുന്ന രീതിയിൽ 3 കിലോമീറ്റർ പരിധിയിലാണ് ഈ റോബോട്ടുകൾ ഭക്ഷണം വിതരണം ചെയ്യുന്നത്.
ഉപഭോക്താക്കളിൽ നിന്നുള്ള ഭക്ഷണ ഓർഡറുകൾ അനുസരിച്ച്, ഈ പദ്ധതിയുടെ ഭാഗമായുള്ള, സെഡർ വില്ലാ റെസിഡന്റ്‌സ് പരിസരത്തെ റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണസാധനങ്ങൾ എടുത്ത ശേഷം അവ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിച്ച് നൽകുന്ന രീതിയിലാണ് ഈ റോബോട്ടുകൾ പ്രവർത്തിക്കുന്നത്. ഉപഭോക്താക്കൾക്ക് തലബാത് ആപ്പിലൂടെ റോബോട്ടിന്റെ ഭക്ഷണവുമായുള്ള സഞ്ചാരം നിരീക്ഷിക്കാവുന്നതാണ്. ഈ റോബോട്ടുകൾ ഉപഭോക്താവിന്റെ വീടിനരികിൽ എത്തുന്നതോടെ പ്രത്യേക നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
പതിനഞ്ച് മിനിറ്റിനകം ഫുഡ് ഡെലിവറി ഉറപ്പ് വരുത്തുന്ന രീതിയിലാണ് പ്രാരംഭഘട്ടത്തിൽ ഇവ പ്രവർത്തിക്കുന്നത്. നിർമ്മിതബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ റോബോട്ടുകളിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന വ്യക്തിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തിലെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് പരമപ്രാധാന്യം നൽകുന്നതിനുള്ള യു എ ഇ നയത്തിന്റെ ഭാഗമായാണിത്. ഇതിന്റെ ഭാഗമായി, ഈ റോബോട്ടുകളിൽ വ്യക്തികളുടെ മുഖം അവ്യക്തതയോടെ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഈ റോബോട്ടുകളിൽ ഫേഷ്യൽ ഡിറ്റക്ഷൻ സാങ്കേതികവിദ്യകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ഈ റോബോട്ടുകൾ അവ സഞ്ചരിക്കുന്ന വഴിയിലെ മതിലുകൾ ഉൾപ്പടെയുള്ള പ്രതിബന്ധങ്ങൾ കണ്ടെത്തുന്നതിനും, ചെറിയ കുട്ടികൾക്കും, വളർത്ത് മൃഗങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കുന്നതിനും വിവിധ സെൻസറുകളുടെയും, അത്യാധുനിക അൽഗോരിതങ്ങളുടെയും സഹായം പ്രയോജനപ്പെടുത്തുന്നു.
WAM