ഈദുൽ ഫിത്ർ വേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ആഹ്വാനം ചെയ്തു

featured UAE

ഈദുൽ ഫിത്ർ ആഘോഷവേളയിൽ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ദുബായ് പോലീസ് ജനറൽ കമാൻഡ് കമാണ്ടർ ഇൻ ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. ഈദ് വേളയിൽ ടൂറിസ്റ്റ് ഇടങ്ങൾ സന്ദർശിക്കുന്ന അവസരത്തിലും, വാണിജ്യ കേന്ദ്രങ്ങൾ, ബീച്ച് മുതലായ ഇടങ്ങൾ സന്ദർശിക്കുന്ന അവസരത്തിലും മാസ്കുകളുടെ ഉപയോഗം, കൃത്യമായ സമൂഹ അകലം തുടങ്ങിയ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി തുടരാനും അദ്ദേഹം ജനങ്ങളെ ഓർമ്മപെടുത്തി.

ഈദ് ആഘോഷവേളയിൽ എമിറേറ്റിൽ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രത്യേക പരിശോധനകൾ നടത്തുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി എമിറേറ്റിലുടനീളമുള്ള പ്രധാനപാതകളിലും, ഇടറോഡുകളിലും, മാർക്കറ്റുകളിലും, വാണിജ്യ മേഖലകളിലും, ആൾ തിരക്കിന് സാധ്യതയുള്ള ഇടങ്ങളിലും പ്രത്യേക പെട്രോളിംഗ് ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എമിറേറ്റിലെ റോഡുകളിൽ സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കാൻ അദ്ദേഹം ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. അമിതവേഗത, അശ്രദ്ധമായ ഡ്രൈവിംഗ് ശീലങ്ങൾ മുതലായ അപകടങ്ങളിലേക്ക് നയിക്കുന്ന പ്രവർത്തികൾ ഒഴിവാക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആഹ്വാനം ചെയ്തു.