ദുബായ്: ജലമലിനീകരണത്തെ ചെറുക്കുന്നതിനായി റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു

UAE

എമിറേറ്റിലെ ജലാശയങ്ങളിലെ ജലമലിനീകരണത്തെ ചെറുക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി ഒരു റിമോട്ട് സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ അവതരിപ്പിച്ചു. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഈ സ്‌ക്രാപ്പർ വിദൂരമായി പ്രവർത്തിപ്പിക്കാവുന്നതാണ്.

ദുബായ് എമിറേറ്റിലെ അരുവികളിലും, കനാലുകളിലും പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായാണ് മുനിസിപ്പാലിറ്റി ഈ ‘സ്മാർട്ട് മറൈൻ സ്‌ക്രാപ്പർ’ പുറത്തിറക്കിയിരിക്കുന്നത്. ഇത് പരിസ്ഥിതി സുസ്ഥിരതയ്ക്കുള്ള നഗരത്തിൻ്റെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.

എമിറാത്തി പ്രതിഭകളെ ഉപയോഗപ്പെടുത്തിക്കൊണ്ട്, അൽ ഖത്തൽ ബോട്ട് ഫാക്ടറിയുമായി സഹകരിച്ച് തദ്ദേശീയമായി നിർമ്മിച്ചതാണ് ഈ നൂതന സ്‌ക്രാപ്പർ. ഉപഗ്രഹ സാങ്കേതികവിദ്യയിലൂടെ വിദൂരമായി പ്രവർത്തിപ്പിക്കാനാകുന്ന ഈ സ്‌മാർട്ട് ഓഷ്യൻ സ്‌ക്രാപ്പർ, കാര്യക്ഷമമായ മാലിന്യ ശേഖരണം ഉറപ്പാക്കുന്നതിനായി സങ്കീർണ്ണമായ ഒരു നിയന്ത്രണ സംവിധാനം ഉപയോഗിക്കുകയും, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു.

ഈ സ്‌ക്രാപ്പറിൽ സജ്ജീകരിച്ചിരിക്കുന്ന ഇൻ്റലിജൻ്റ് മറൈൻ സർവേ സംവിധാനം മാലിന്യ സൈറ്റുകൾ തിരിച്ചറിയാനും നീക്കംചെയ്യൽ പ്രക്രിയ സ്വയമേവ ആരംഭിക്കാനും ഇതിനെ സഹായിക്കുന്നു. കൂട്ടിയിടികൾ സ്വയമേവ തടഞ്ഞ് സമുദ്ര സുരക്ഷ മെച്ചപ്പെടുത്തുന്ന ഒരു സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ സ്‌ക്രാപ്പർ ഉപയോഗിച്ച് കൊണ്ട് 1,000 കിലോഗ്രാം വരെ പൊങ്ങിക്കിടക്കുന്ന സമുദ്രമാലിന്യം ഫലപ്രദമായി ശേഖരിക്കാനും, എടുത്ത് മാറ്റാനും കഴിയുന്നതാണ്. പൊങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ മൂലമുണ്ടാകുന്ന സമുദ്ര മലിനീകരണം തടയാനും അതുവഴി ദുബായുടെ സമുദ്രവും പ്രകൃതിദത്തവുമായ പരിസ്ഥിതി സംരക്ഷിക്കാനും മുനിസിപ്പാലിറ്റി ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു.

ഇതോടൊപ്പം എമിറേറ്റിലെ 35 കിലോമീറ്റർ (19 നോട്ടിക്കൽ മൈൽ) വ്യാപിച്ചുകിടക്കുന്ന കനാലുകളുടെയും അരുവികളുടെയും ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ ദുബായ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 12 മറൈൻ ക്യാപ്റ്റൻമാരും 25 തൊഴിലാളികളും നാവികരും 12 മറൈൻ വാഹനങ്ങളും അടങ്ങുന്നതാണ് ഈ സംഘം.